
ലയണൽ മെസി നായകനായ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുമെന്ന അവകാശവാദത്തിന് പിന്നിലെ തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിക്കാൻ മുഖ്യമന്ത്രി വി ഡി സതീശന്‍റെ ശുപാർശ. മുഖ്യമന്ത്രി ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറിയതോടെ മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടക്കും. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോൺസറായി തിരഞ്ഞെടുത്തതിലെ വഴിവിട്ട നീക്കങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ഫണ്ടിന്റെ സ്രോതസ്സ്, സ്റ്റേഡിയം കൈമാറ്റം ഉൾപ്പെടെയുള്ള സർക്കാർ അനുമതികൾ എന്നിവ അന്വേഷണ പരിധിയിൽ വരും.
മെസിയെ കൊണ്ടുവരാൻ എന്ന പേരിൽ നടത്തിയ വിദേശ സന്ദർശനങ്ങൾ, ഒപ്പിട്ട കരാറുകൾ, എല്ലാത്തരം സർക്കാർ രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം അന്വേഷണ സംഘത്തിനുണ്ടാകും. അതേസമയം, 22.68 കോടി രൂപയുടെ നികുതി കുടിശ്ശിക വരുത്തിയതിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടെന്ന് കാട്ടി ഓഗസ്റ്റ് 19-ന് എസ്.ഐ.ടി റിപ്പോർട്ട് നൽകിയിട്ടും ജി.എസ്.ടി വകുപ്പിന്റെ ഭാഗത്തുനിന്ന് തുടർന്നടപടികൾ വൈകുന്നതായി ആരോപണമുണ്ട്. നാല് ഉദ്യോഗസ്ഥർക്ക് ചാർജ് മെമോ നൽകിയതല്ലാതെ മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല.
സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പേതരമായി 206 കോടി രൂപ എത്തിയതിൽ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഒരു സ്ഥാപനം നൽകിയ മറുപടിയിൽ കൂടുതൽ വിശദ പരിശോധന ആവശ്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. മറ്റേ സ്ഥാപനം ഇതുവരെ വിവരങ്ങൾ കൈമാറിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
Messi’s Promised Kerala Visit: Government Orders Comprehensive SIT Probe into Financial Irregularities













