
കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടി (SCO) യുടെ ഇടവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി ഉഭയകക്ഷി ചർച്ച നടത്തി. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടക്കുന്ന ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്. ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചിയും ചർച്ചയിൽ പങ്കെടുത്തു. മേഖലയിലെ നിലവിലെ സംഘർഷാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച മോദി, പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നയതന്ത്ര മാർഗ്ഗങ്ങളിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആവർത്തിക്കുകയും സമാധാന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
സാധാരണക്കാർക്കും ചരക്ക് കപ്പലുകൾക്കും നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെ ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, സമുദ്ര ഗതാഗത സ്വാതന്ത്ര്യവും വ്യാപാരവും ഒരു തടസ്സവുമില്ലാതെ സുരക്ഷിതമായി തുടരണമെന്ന് ഊന്നിപ്പറഞ്ഞു. ഇറാനുമായുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും വിവിധ മേഖലകളിലേക്ക് വ്യാപാരം വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. SCO, ബ്രിക്സ് (BRICS) തുടങ്ങിയ ബഹുരാഷ്ട്ര കൂട്ടായ്മകളിൽ ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് വ്യക്തമാക്കിയ മോദി, വൈകാതെ ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റിനെ സ്വാഗതം ചെയ്യുകയും ചെയ്തു.
ഇറാൻ പ്രസിഡന്റിന് പുറമെ അർമേനിയൻ പ്രധാനമന്ത്രി നികോൾ പഷിൻന്യാനുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ നൽകിയ സഹായങ്ങൾക്ക് നന്ദി അറിയിച്ച മോദിയെ പഷിൻന്യാൻ അർമേനിയയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിന് ശേഷമാണ് നരേന്ദ്ര മോദി ബിഷ്‌കെക്കിൽ എത്തിയത്. ബിഷ്‌കെക്കിലെ മഹാത്മാഗാന്ധി സ്മാരകം സന്ദർശിച്ച മോദി ഉച്ചകോടിക്ക് മുന്നോടിയായുള്ള ഔദ്യോഗിക അത്താഴ വിരുന്നിലും പങ്കെടുത്തു.
അതേസമയം, റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി നരേന്ദ്ര മോദി വൈകിട്ട് കൂടിക്കാഴ്ച നടത്തും. ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും ബിഷ്‌കെക്കിൽ എത്തിയിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി മോദിയുമായി നേരിട്ടുള്ള കൂടിക്കാഴ്ച ഇന്നത്തെ ഔദ്യോഗിക പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ ഇരുവരും തമ്മിൽ ചർച്ച ഉണ്ടാകുമോ എന്നത് ഉറ്റുനോക്കപ്പെടുകയാണ്.
PM Narendra Modi Holds Bilateral Talks with Iranian President Masoud Pezeshkian at SCO Summit: Extends Support for Peace and Invites Him to BRICS












