ചെന്നൈ: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ ഉയർത്തിക്കാട്ടാനുള്ള തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാക്കളുടെ നീക്കത്തിനെതിരെ തമിഴ്നാട്ടിലെ കോൺഗ്രസ് രംഗത്ത്. ‘2029-ൽ വിജയ് പ്രധാനമന്ത്രി’ എന്ന പ്രചാരണം വിജയ് തമിഴ്നാട്ടിൽ ഭരണം പിടിച്ച് നൂറുദിവസങ്ങൾ പിന്നിടുമ്പോഴാണ് അണിയറയിലും സമൂഹമാധ്യമങ്ങളിലും സജീവമായത്. ഇതോടെ സഖ്യകക്ഷിയായ കോൺഗ്രസ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിച്ചില്ലെങ്കിൽ തമിഴ്നാട് മന്ത്രിസഭയിൽനിന്ന് രാജിവെക്കുമെന്ന കർശന മുന്നറിയിപ്പുമായി രംഗത്തെത്തി.
അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ജനപിന്തുണയിൽ നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും പിന്നിലായി മൂന്നാം സ്ഥാനത്തായിരുന്നു വിജയ്. ഇന്ത്യ ടുഡേ-സി വോട്ടർ ‘മൂഡ് ഓഫ് ദി നേഷൻ’ സർവേയും മറ്റൊരു പ്രമുഖ ടെലിവിഷൻ ചാനൽ നടത്തിയ സർവേയും പുറത്തുവന്നതോടെയാണ് ചർച്ചകൾ ചൂടുപിടിച്ചത്. 9 മുതൽ 9.2 ശതമാനം വരെ പിന്തുണയോടെയാണ് മുഖ്യമന്ത്രി വിജയ് പട്ടികയിൽ ഇടംപിടിച്ചത്. ഇതോടെ ടി.വി.കെ. നേതാക്കൾ വിജയിയെ ദേശീയ നേതാവ് എന്ന നിലയിൽ ഉയർത്തിക്കാട്ടാൻ തുടങ്ങി. ഇതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെയുള്ള വീഡിയോ പ്രൊമോഷനുകളും നടക്കുന്നുണ്ട്.
വിജയിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുന്നതിന് പിന്തുണച്ചുകൊണ്ടുള്ള തൂത്തുക്കുടി അടക്കമുള്ള തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ‘ഇന്നത്തെ മുഖ്യമന്ത്രി നാളത്തെ പ്രധാനമന്ത്രി’ എന്നാണ് വിജയുടെ ചിത്രമുള്ള പോസ്റ്ററിൽ പറയുന്നത്. മുഖ്യമന്ത്രി വിജയിയെ പ്രശംസകൊണ്ട് മൂടുന്നതിൽ പിശുക്കു കാണിക്കാത്ത പല ടി.വി.കെ. നേതാക്കളും ഇത് ഏറ്റെടുക്കുകയും ചെയ്‌തു. ടി.വി.കെ. മന്ത്രിമാരായ കെ.എ. സെങ്കോട്ടയ്യൻ, സി.ടി.ആർ. നിർമൽ കുമാർ എന്നിവരും പിന്തുണച്ച് രംഗത്തെത്തി.
എന്നാൽ, പ്രചാരണം ഇത്ര കടുപ്പമായതോടെയാണ് കടുത്ത നിലപാടുമായി കോൺഗ്രസ് രംഗത്തെത്തിയപ്. രാഹുൽ ഗാന്ധിയാണ് തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്നും രാഹുൽ ഗാന്ധിക്ക് നരേന്ദ്ര മോദിയെ പരാജയപ്പെടുത്താൻ കഴിയുമെന്നും കോൺഗ്രസ് നേതാവും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ പി. വിശ്വനാഥൻ വ്യക്തമാക്കി. മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിയായ രാജേഷ് കുമാർ വിജയിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ചിത്രീകരിക്കുന്നതിനെതിരെ രംഗത്തെത്തുകയും 2029-ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ടി.വി.കെ. അംഗീകരിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ രണ്ട് മന്ത്രിമാരും തമിഴ്‌നാട് മന്ത്രിസഭയിൽനിന്ന് രാജിവെക്കുമെന്നും മുന്നറിയിപ്പ് നൽകി.
അതേസമയം, തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ മാണിക്യം ടാഗോർ എക്സ് പ്ലാറ്റ്ഫോമിൽ ‘കുറുക്കന്റെ വ്യാജ സർവേ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് സർവേകളെ പരോക്ഷമായി വിമർശിച്ചു. ഈ സർവേകൾ ബി.ജെ.പി.യുടെ ഗൂഢാലോചനയാണെന്നാണ് ടെലിവിഷൻ ചർച്ചകളിൽ കോൺഗ്രസ് അനുയായികൾ ആരോപിക്കുന്നത്. വിഷയത്തിൽ പരിഹാസവുമായി ഡി.എം.കെ.യും രംഗത്തെത്തി. വിജയ് ഐക്യരാഷ്ട്രസഭയുടെ തലവനാകുമെന്നുവരെ ടി.വി.കെ. അണികൾ പറയുമെന്നും അവരുടെ ഭാവനയ്ക്ക് അതിരുകളില്ലെന്നും ഡി.എം.കെ. സെക്രട്ടറി ആർ.എസ്. ഭാരതി വ്യക്തമാക്കി.
The Congress party in Tamil Nadu has come out against the move by leaders of the Tamizhaga Vettri Kazhagam (TVK) to project Tamil Nadu Chief Minister C. Joseph Vijay as the Prime Ministerial candidate for the upcoming Lok Sabha elections.













