ഇന്‍സ്റ്റഗ്രാമിലെ വൈറൽ വീഡിയോയ്ക്ക് പിന്നാലെ കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി മെറ്റ. കുട്ടി സഖാവ് എന്ന വൈറല്‍ താരം മുഹമ്മദ് സിയാന്റെ അക്കൗണ്ടാണ് മെറ്റ അപ്രത്യക്ഷമായിരിക്കുന്നത്. മെറ്റയുടെ അൽഗോരിതത്തിനെതിരെ പ്രമുഖ നേതാക്കളടക്കം രംഗത്തെത്തി. തന്റെ കുട്ടി സഖാക്കളെ പരിചയപ്പെടുത്തുന്ന വീഡിയോ അക്കൗണ്ടിൽ കഴിഞ്ഞ ദിവസം സിയാന് പോസ്റ്റ് ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന് അടക്കമുള്ള നേതാക്കള്‍ വീഡിയോയ്ക്ക് കമന്റിട്ടിരുന്നു. വീഡിയോയ്ക്ക് 24 മണിക്കൂറിനകം രണ്ട് മില്യണ്‍ വ്യൂസും ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്കൗണ്ട് അപ്രത്യക്ഷമായത്.
അക്കൗണ്ട് പൂട്ടിയതിൽ വിഷമമില്ലെന്നും ഇനിയും വീഡിയോ ചെയ്യുമെന്നും ഏത് സാഹചര്യത്തിലാണ് ഈ അക്കൗണ്ട് മരവിപ്പിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും മുഹമ്മദ് സിയാൻ പറഞ്ഞു. സിയാന്റെ മാതാപിതാക്കൾ അക്കൗണ്ട് തിരിച്ചുകിട്ടാനായി മെറ്റയിൽ അപ്പീൽ നൽകിയിട്ടുണ്ട്. അതേസമയം, ഇതാദ്യമായല്ല സിയാന് വൈറലാകുന്നത്. മുന്‍പ് തിരഞ്ഞെടുപ്പ് സമയത്ത്, അന്ന് തന്റെ സ്ഥാനാർഥി തോറ്റതോടെ സിയാന് തല മൊട്ടയിടിച്ചിരുന്നു. താൻ സഖാവാണെന്നും വാക്ക് പാലിക്കുമെന്നും പറഞ്ഞുകൊണ്ടായിരുന്നു അന്ന് എട്ടുവയസുകാരന് സിയാന് തല മൊട്ടയടിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളുടേതുള്‍പ്പെടെ നിരവധി പോസ്റ്റുകളും അക്കൗണ്ടുകളും മെറ്റ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ നിന്നും നീക്കം ചെയ്തിരുന്നു. മുഖ്യമന്ത്രി വി.ഡി സതീശനെതിരായ ഫെയ്സ്ബുക് പോസ്റ്റുകളും നീക്കം ചെയ്തതിരുന്നു. തങ്ങളുടെ എഐ സോഫ്റ്റ്വെയറില് വരുത്തിയ അപ്ഡേറ്റും തുടര്‍ന്നുള്ള സാങ്കേതികപ്പിഴവുമാണ് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഇടയാക്കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. ആരുടെയും ഇടപെടൽ ഉണ്ടായിട്ടില്ലെന്നും നീക്കിയ കണ്ടന്റുകള്‍ പുനഃസ്ഥാപിച്ചെന്നും മെറ്റ പിന്നീട് വ്യക്തമാക്കിയിരുന്നു.
Meta Shuts Down Viral ‘Kutti Sakhavu’ Account









