ഉമ്മൻചാണ്ടി നിർദേശിച്ചത് എന്റെ പേര്, ഒരു രാത്രി കൊണ്ട് തീരുമാനം മാറി; യൂത്ത് കോൺഗ്രസ് അധ്യക്ഷ വിവാദത്തിൽ വെളിപ്പെടുത്തലുമായി ജെ.എസ്. അഖിൽ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർദേശിച്ചിരുന്നത് തന്റെ പേരായിരുന്നുവെന്ന് ജെ.എസ്. അഖിൽ. ഇക്കാര്യം വ്യക്തമാക്കുന്ന ഉമ്മൻചാണ്ടിയുടെ കുറിപ്പ് താൻ കണ്ടിട്ടുണ്ടെന്നും പാർട്ടിയിലെ മുതിർന്ന നേതാക്കൾ തീരുമാനത്തെക്കുറിച്ച് അറിയിച്ചിരുന്നുവെന്നും അഖിൽ പറഞ്ഞു. എന്നാൽ ഒരു രാത്രി കൊണ്ട് തീരുമാനം എങ്ങനെ മാറിമറിഞ്ഞുവെന്ന് അറിയില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി നിർദേശിച്ചിരുന്നത് ജെ.എസ്. അഖിലിന്റെ പേരായിരുന്നുവെന്ന കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അഖിലിന്റെ പ്രതികരണം. ഇത്തരമൊരു കാര്യം പരസ്യമായി പറയണമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഉമ്മൻചാണ്ടി മോശം ആരോഗ്യസ്ഥിതിയിലായിരുന്ന സമയത്താണ് തന്റെ പേര് നിർദേശിച്ചതെന്നും അഖിൽ പറഞ്ഞു. തീരുമാനം നടപ്പാകാതെ പോയതിൽ ഉമ്മൻചാണ്ടിക്ക് വിഷമമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്നത്തെ തീരുമാനത്തിൽ വിയോജിപ്പുണ്ടായിരുന്നെങ്കിലും ആരെയും വേദനിപ്പിക്കേണ്ടെന്ന് കരുതി താൻ മാറിനിൽക്കുകയായിരുന്നുവെന്ന് അഖിൽ വ്യക്തമാക്കി. ഉമ്മൻചാണ്ടി നേരിട്ട് തന്റെ പേര് പറഞ്ഞിട്ടുണ്ടെന്നും ഇന്ന് രാവിലെ മുതൽ കടുത്ത സൈബർ ആക്രമണവും അധിക്ഷേപങ്ങളും നേരിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഷാഫി പറമ്പിലുമായി ബന്ധപ്പെട്ട് തനിക്ക് പരാതിയോ പരിഭവമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്‌യു സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ട സമയങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ തനിക്ക് ലഭിക്കേണ്ടിയിരുന്ന അവസരങ്ങൾ ചിലർ ബോധപൂർവം ഇല്ലാതാക്കിയെന്ന വിഷമമുണ്ടെന്നും അഖിൽ പറഞ്ഞു. എതിർപാർട്ടിക്കാരുടെ സൈബർ ആക്രമണം മനസ്സിലാക്കാമെങ്കിലും സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുള്ള സൈബർ ബുള്ളിയിങ് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മൻചാണ്ടി പഠിപ്പിച്ച രാഷ്ട്രീയം സാധാരണക്കാരെ കേൾക്കാനും അവർക്കുവേണ്ടി പ്രവർത്തിക്കാനുമുള്ളതാണെന്നും അദ്ദേഹത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി സ്വീകരിച്ച നടപടികളുടെ ഫലം കാലം തെളിയിക്കുമെന്നും അഖിൽ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide