
പാലക്കാട്: സ്കൂൾ ക്ലാസ് മുറിക്കുള്ളിലുണ്ടായ തോക്കുപയോഗിച്ചുള്ള അപകടത്തിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. പള്ളിപ്പുറം പരുതൂർ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. സഹപാഠി വീട്ടിൽനിന്ന് കൊണ്ടുവന്ന നാടൻ തോക്കിൽനിന്നാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക വിവരം.
രാവിലെ 11 മണിയോടെ രണ്ടാം പിരീഡിനിടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന തോക്ക് സ്കൂളിലെത്തിച്ച വിദ്യാർഥി സഹപാഠികൾക്ക് കാണിച്ചുകൊടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. രണ്ട് തവണ വെടിയൊച്ച കേട്ടതായാണ് വിവരം. ആദ്യ തവണ വെടിയേറ്റില്ലെങ്കിലും രണ്ടാമത്തെ വെടിയിലാണ് മറ്റൊരു വിദ്യാർഥിയുടെ തോളിൽ പരിക്കേറ്റത്.
പരിക്കേറ്റ കുട്ടിയെ ഉടൻ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവമറിഞ്ഞ് പൊലീസ് സ്കൂളിലെത്തി പരിശോധന നടത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്കൂൾ അടയ്ക്കുകയും ചെയ്തു. റിവോൾവറിന് സമാനമായ നാടൻ തോക്കാണ് വിദ്യാർഥി കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.















