
കോട്ടയം: ഓർത്തഡോക്സ് സഭയും സംസ്ഥാന സർക്കാരും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കാനുള്ള നീക്കവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കോട്ടയം ദേവലോകത്തെത്തി. ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത് കാതോലിക്കാ ബാവയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സഭയും സർക്കാരും തമ്മിൽ പള്ളിത്തർക്കങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്നാണ് സൂചന. യാക്കോബായ സഭയുമായുള്ള പള്ളിത്തർക്കങ്ങളിൽ സർക്കാരിനെതിരെ കാതോലിക്കാ ബാവ ഇന്ന് രാവിലെയും വിമർശനം ഉന്നയിച്ചിരുന്നു.
കോട്ടയത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി, ദേവലോകത്തെത്തി കാതോലിക്കാ ബാവയെ കാണാനുള്ള തീരുമാനം തലേന്ന് രാത്രിയാണ് എടുത്തത്. സഭാ ആസ്ഥാനത്തെത്തിയ അദ്ദേഹം കാതോലിക്കാ ബാവയോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചു. കൂത്താട്ടുകുളത്തിനടുത്തുള്ള ആട്ടിൻകുന്ന് പള്ളിയുമായി ബന്ധപ്പെട്ട തർക്കവും മണർകാട് പള്ളിയിലേക്കുള്ള പാത്രിയാർക്കീസ് ബാവയുടെ സന്ദർശനവുമാണ് സഭയും സർക്കാരും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണമായത്.
പാത്രിയാർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനം സർക്കാർ സ്പോൺസർ ചെയ്ത നിയമലംഘനമാണെന്നായിരുന്നു ഓർത്തഡോക്സ് സഭയുടെ ആരോപണം. ഈ സംഭവത്തിലൂടെ സഭയ്ക്ക് ആഴത്തിലുള്ള മുറിവുണ്ടായെന്നും അതിന് ഉത്തരവാദികളായവർ തന്നെ പരിഹാര നടപടികൾ സ്വീകരിക്കണമെന്നുമുള്ള നിലപാടും സഭ വ്യക്തമാക്കിയിരുന്നു. ഈ വിമർശനങ്ങൾക്കു പിന്നാലെയാണ് മുഖ്യമന്ത്രി നേരിട്ടെത്തി സഭാ നേതൃത്വവുമായി ചർച്ച നടത്തിയത്.
ഉച്ചഭക്ഷണത്തിനുശേഷം മൂന്നുമണിയോടെ മുഖ്യമന്ത്രി ദേവലോകത്തുനിന്ന് മടങ്ങും. തുടർന്ന് കോട്ടയം ജില്ലാ ലൈബ്രറിയുടെ പരിപാടിയിലും വൈകിട്ട് ആറുമണിയോടെ ചങ്ങനാശ്ശേരി പാറയിൽ പള്ളിയിലെ സാംസ്കാരിക സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.















