ക്രിസ്മസ് ആഘോഷങ്ങൾക്ക് നിറം പകരാൻ ഷിക്കാഗോയിൽ മെട്രയുടെ ഹോളിഡേ ട്രെയിനുകൾ; നവംബർ 16 മുതൽ ടിക്കറ്റ് വിൽപ്പന

അനിൽ മറ്റത്തിക്കുന്നേൽ

ഷിക്കാഗോ: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഷിക്കാഗോയിലും സമീപ സബർബുകളിലും സർവീസ് നടത്തുന്ന മെട്ര(Metra) റെയിൽവേയുടെ പ്രത്യേക ഹോളിഡേ ട്രെയിനുകൾ ഡിസംബറിൽ വീണ്ടും സർവീസ് ആരംഭിക്കും. വർണാഭമായ ക്രിസ്മസ് അലങ്കാരങ്ങളും സാന്റാക്ലോസും വിവിധ വിനോദപരിപാടികളുമായി എത്തുന്ന ട്രെയിനുകൾ കുട്ടികൾക്കും കുടുംബങ്ങൾക്കും വേറിട്ട ആഘോഷാനുഭവമൊരുക്കും.

ഇത്തവണ ആറ് റെയിൽവേ ലൈനുകളിലാണ് പ്രത്യേക ഹോളിഡേ ട്രെയിൻ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഡിസംബർ 5, 12, 13, 19 തീയതികളിലായി വിവിധ റൂട്ടുകളിൽ സർവീസ് നടത്തും.

ഡിസംബർ 5-ന് BNSF, Milwaukee District North, Rock Island ലൈനുകളിലും ഡിസംബർ 12-ന് Metra Electric, Union Pacific Northwest ലൈനുകളിലും പ്രത്യേക സർവീസുകളുണ്ടാകും. ഡിസംബർ 13-ന് Metra Electric ലൈനിലും ഡിസംബർ 19-ന് Metra Electric, Union Pacific North ലൈനുകളിലുമാണ് സർവീസുകൾ.

ക്രിസ്മസ് ട്രീകൾ, വർണാഭമായ ലൈറ്റുകൾ, സമ്മാനപ്പൊതികൾ, വിവിധ അലങ്കാരങ്ങൾ എന്നിവകൊണ്ട് ട്രെയിനുകളുടെ അകവും പുറവും മനോഹരമാക്കും. ഓരോ ട്രെയിൻ കോച്ചിലും വ്യത്യസ്തമായ ക്രിസ്മസ് പ്രമേയങ്ങളിലുള്ള അലങ്കാരങ്ങളാണ് ഒരുക്കുന്നത്. കുട്ടികൾക്ക് സാന്റാക്ലോസിനെയും മറ്റ് ക്രിസ്മസ് കഥാപാത്രങ്ങളെയും കാണാനുള്ള അവസരവും പ്രത്യേക യാത്രകളിൽ ലഭിക്കും.

Metra Electric ലൈനിലൂടെ ഡിസംബർ 12, 13, 19 തീയതികളിൽ യാത്ര ചെയ്യുന്നവർക്ക് ഷിക്കാഗോ ഡൗൺടൗണിലെ Millennium Station-ൽ ഒരുക്കുന്ന പ്രത്യേക ക്രിസ്മസ് ആഘോഷങ്ങളിലും പങ്കെടുക്കാം. കുട്ടികൾക്കുള്ള കളികൾ, മധുരപലഹാരങ്ങൾ, സാന്റാക്ലോസുമായുള്ള കൂടിക്കാഴ്ച തുടങ്ങി നിരവധി പരിപാടികൾ ഇവിടെ ക്രമീകരിക്കും.

പ്രത്യേക ഹോളിഡേ ട്രെയിൻ ടിക്കറ്റുകളുടെ വിൽപ്പന നവംബർ 16 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ടിക്കറ്റ് നിരക്ക് 10 ഡോളറാണ്. ഒരാൾക്ക് ഒരേസമയം പരമാവധി അഞ്ച് ടിക്കറ്റുകൾ മാത്രമേ വാങ്ങാൻ കഴിയൂ.

ഈ ട്രെയിനുകൾക്ക് വലിയ ജനപ്രീതിയുള്ളതിനാൽ ടിക്കറ്റുകൾ വളരെ വേഗത്തിൽ വിറ്റുതീരാനാണ് സാധ്യത. കഴിഞ്ഞ വർഷം വിൽപ്പന ആരംഭിച്ച് വെറും നാല് മിനിറ്റിനുള്ളിൽ ടിക്കറ്റുകൾ മുഴുവൻ വിറ്റുതീർന്നിരുന്നു.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും മെത്രയുടെ ഔദ്യോഗിക വെബ്സൈറ്റായ www.metra.com/HolidayTrains സന്ദർശിക്കാം.

More Stories from this section

family-dental
witywide