
മെക്സിക്കോ സിറ്റി: മെക്സിക്കൻ സർക്കാരിന്റെയും ഫെഡറൽ അധികൃതരുടെയും ഔദ്യോഗിക അനുമതിയില്ലാതെ അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ ഏജന്റുമാർക്ക് രാജ്യത്തിനുള്ളിലെ ലഹരിവിരുദ്ധ റെയ്ഡിൽ പങ്കാളികളാകാൻ സൗകര്യമൊരുക്കിയ സംഭവത്തിൽ ചിഹുവാഹുവ പ്രവിശ്യയിലെ മുൻ അറ്റോർണി ജനറൽ സേസർ ഹൗറെഗി അറസ്റ്റിൽ. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, രാജ്യദ്രോഹം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മെക്സിക്കൻ അന്വേഷണ ഏജൻസികൾ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ഏപ്രിൽ 19-ന് വടക്കൻ ചിഹുവാഹുവയിലെ രഹസ്യ മയക്കുമരുന്ന് നിർമ്മാണ ശാല തകർത്തതിന് ശേഷം മടങ്ങിയ വാഹനം അപകടത്തിൽപ്പെട്ട് നാല് പേർ കൊല്ലപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. രണ്ട് മെക്സിക്കൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ കൊല്ലപ്പെട്ട രണ്ട് യുഎസ് പൗരന്മാർ എംബസി അധ്യാപകരാണെന്നാണ് അന്ന് അറ്റോർണി ജനറലായിരുന്ന ഹൗറെഗി വിശദീകരിച്ചിരുന്നത്. എന്നാൽ ഇവർ സി.ഐ.എ ഏജന്റുമാരാണെന്ന് തുടർന്നുനടന്ന മാധ്യമ അന്വേഷണങ്ങളിൽ വ്യക്തമാകുകയായിരുന്നു.
മെക്സിക്കൻ മണ്ണിൽ വിദേശ ചാരന്മാർ നേരിട്ട് സൈനിക-സുരക്ഷാ റെയ്ഡുകളിൽ പങ്കെടുക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം വ്യക്തമാക്കിയിരുന്നു. ലഹരി കാർട്ടലുകൾക്കെതിരെ വിവരങ്ങൾ പങ്കുവെക്കുന്നതിൽ എതിർപ്പില്ലെങ്കിലും വിദേശ സേനയോ ഏജന്റുമാരോ നേരിട്ട് ഭൂപ്രദേശത്ത് റെയ്ഡ് നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ചിഹുവാഹുവ പ്രോസിക്യൂഷൻ ഓഫീസ് വ്യക്തമാക്കി. സംഭവത്തിൽ കോടതി നടപടികൾ ഉടൻ ആരംഭിക്കും.















