ജനം വിധിയെഴുതും, കാലിഫോർണിയയിൽ ശതകോടീശ്വരന്മാർക്ക് 5% ഒറ്റത്തവണ സമ്പത്ത് നികുതി ചുമത്താൻ നിർദ്ദേശം; ‘പ്രൊപ്പോസിഷൻ 40’ ഭേദഗതിയിൽ വോട്ടെടുപ്പിലേക്ക്

കാലിഫോർണിയ: ഫെഡറൽ മെഡിക്കെയ്ഡ് ഫണ്ടുകളിൽ വെട്ടിക്കുറവ് വരുത്തിയതിനെ തുടർന്ന് കാലിഫോർണിയയിലെ ആരോഗ്യ മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ അപൂർവ്വ നിർദ്ദേശവുമായി ‘എസ്.ഇ.ഐ.യു യുണൈറ്റഡ് ഹെൽത്ത്‌കെയർ വർക്കേഴ്സ് വെസ്റ്റ്’ യൂണിയൻ. സംസ്ഥാനത്തെ 200-ഓളം വരുന്ന ശതകോടീശ്വരന്മാരുടെ അറ്റാദായത്തിന്മേൽ ഒറ്റത്തവണ അഞ്ച് ശതമാനം നികുതി ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ‘പ്രൊപ്പോസിഷൻ 40’ എന്ന നിർദ്ദേശത്തിന്മേൽ നവംബറിൽ നടക്കുന്ന വോട്ടെടുപ്പിൽ ജനങ്ങൾ വിധി എഴുതും.

ഫെഡറൽ ബജറ്റ് വെട്ടിക്കുറയ്ക്കൽ മൂലം കാലിഫോർണിയയിൽ 35 ലക്ഷത്തോളം ആളുകൾക്ക് ആരോഗ്യ ഇൻഷുറൻസ് നഷ്ടപ്പെടുമെന്നും, ആശുപത്രികളും എമർജൻസി റൂമുകളും അടച്ചുപൂട്ടേണ്ടി വരുമെന്നും യൂണിയൻ നേതാവ് ഡേവ് റീഗൻ മുന്നറിയിപ്പ് നൽകി. പ്രൊപ്പോസിഷൻ 40 പാസായാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളറിലധികം നികുതിയിനത്തിൽ സമാഹരിക്കാനാകുമെന്നും, ഇതിന്റെ 90 ശതമാനവും ആരോഗ്യ മേഖലയ്ക്കായി നീക്കിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പുതിയ നികുതി നീക്കത്തിനെതിരെ ശതകോടീശ്വരന്മാരും വ്യവസായ ലോകവും രംഗത്തെത്തിയിട്ടുണ്ട്.

ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ ഇതിനെ എതിർക്കാൻ ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കുമ്പോൾ, നികുതി ഭയം കാരണം പീറ്റർ തീൽ ഉൾപ്പെടെയുള്ള പ്രമുഖർ സംസ്ഥാനം വിട്ടതായാണ് റിപ്പോർട്ടുകൾ. കൂടാതെ, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം, പ്രമുഖ ഡെമോക്രാറ്റിക് നേതാക്കൾ, മറ്റു ചില തൊഴിൽ സംഘടനകൾ എന്നിവരും ഈ നിർദ്ദേശത്തെ എതിർക്കുന്നു. ഇത്തരമൊരു നികുതി വ്യവസായികളെ സംസ്ഥാനത്ത് നിന്ന് തുരത്തുമെന്നും ദീർഘകാലാടിസ്ഥാനത്തിൽ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നുമാണ് എതിർക്കുന്നവരുടെ വാദം. പ്രൊപ്പോസിഷൻ 40-നെ നിഷ്പ്രഭമാക്കാൻ ലക്ഷ്യമിട്ട് ബദൽ നിർദ്ദേശങ്ങളായ പ്രൊപ്പോസിഷൻ 41, 42 എന്നിവയും വോട്ടെടുപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide