ബ്രൊമാൻസ് അവസാനിച്ചോ! ട്രംപിന്റെ ചിത്രം മാറ്റി നെതന്യാഹു; അമേരിക്കൻ സഖ്യത്തിൽ വിള്ളലെന്ന് സൂചന നൽകി ഇസ്രായേൽ തെരഞ്ഞെടുപ്പ് പ്രചാരണം

ജറുസലേം: ഒക്ടോബർ 27-ന് നടക്കുന്ന നിർണ്ണായകമായ ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രചാരണ ബോർഡുകളിൽ നിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചിത്രം അപ്രത്യക്ഷമായി. മുൻ വർഷങ്ങളിലെല്ലാം ട്രംപിനൊപ്പം നിൽക്കുന്ന കൂറ്റൻ ഫ്ലെക്‌സുകളും “മറ്റൊരു ലീഗിലുള്ള നേതാവ്” എന്ന മുദ്രാവാക്യവും ഉയർത്തിക്കാട്ടി പ്രചാരണം നയിച്ചിരുന്ന നെതന്യാഹു, ഇത്തവണ ട്രംപിന്റെ ചിത്രങ്ങൾ ബോർഡുകളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയത് നയതന്ത്ര ലോകത്ത് വൻ ചർച്ചയായിട്ടുണ്ട്.

അമേരിക്കൻ വൈറ്റ് ഹൗസുമായുള്ള അടുത്ത ബന്ധം സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി കാലങ്ങളായി പ്രയോജനപ്പെടുത്തിയിരുന്ന നെതന്യാഹുവിന് ഇത്തവണ ട്രംപിൽ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്നതിന്റെ വ്യക്തമായ തെളിവാണിത്. നെതന്യാഹുവിനെ തെരഞ്ഞെടുപ്പിൽ പരസ്യമായി പിന്തുണയ്ക്കാൻ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല. “രാഷ്ട്രീയത്തിൽ എനിക്ക് ആരെയും വിശ്വാസമില്ല” എന്നായിരുന്നു നെതന്യാഹുവിനെ പിന്തുണയ്ക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് അടുത്തിടെ ന്യൂസ് മാക്‌സ് അഭിമുഖത്തിൽ നൽകിയ മറുപടി.

കഴിഞ്ഞ ഒരു വർഷത്തിനിടെ ലെബനനിലും ഗാസയിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളും ഇറാന്റെ സൈനിക നടപടികളും കാരണം മേഖലയിലുണ്ടായ സംഘർഷങ്ങൾ ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി എണ്ണവില വർദ്ധിക്കുന്നതിനും സാമ്പത്തിക തകർച്ചയ്ക്കും ഇസ്രായേലിന്റെ ഏകപക്ഷീയമായ സൈനിക നീക്കങ്ങൾ കാരണമാകുന്നുണ്ടെന്ന് ട്രംപ് കുറ്റപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ, ഇസ്രായേലിൽ നിന്നുള്ള മുൻകൂട്ടിയുള്ള അഭിപ്രായ സർവേകളിൽ നെതന്യാഹുവിന്റെ ലികുഡ് പാർട്ടി പിന്നിലാണെന്ന റിപ്പോർട്ടുകളും, തോൽക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാത്ത ട്രംപിന്റെ ശൈലിയും ഈ നയതന്ത്ര അകൽച്ചയ്ക്ക് കാരണമായി വിലയിരുത്തപ്പെടുന്നു.

More Stories from this section

family-dental
witywide