ട്രംപിന്റെ സബ്‌സിഡി പിൻവലിക്കൽ തിരിച്ചടിയായി; ‘ഒബാമാകെയർ’ ഉപേക്ഷിച്ച് 50 ലക്ഷത്തിലേറെ അമേരിക്കക്കാർ

വാഷിങ്ടൺ: കോവിഡ് കാലത്ത് നടപ്പാക്കിയ അധിക ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ അവസാനിപ്പിച്ചതോടെ ഇൻഷുറൻസ് പ്രീമിയം കുത്തനെ ഉയർന്നതിനെ തുടർന്ന് അമേരിക്കയിൽ 50 ലക്ഷത്തിലേറെ പേർ ‘ഒബാമാകെയർ’ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉപേക്ഷിച്ചതായി റിപ്പോർട്ട്. ഇതോടെ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ സുപ്രധാന ആരോഗ്യപരിഷ്കാര പദ്ധതിയെ ചൊല്ലിയുള്ള രാഷ്ട്രീയ പോരും വീണ്ടും ശക്തമായിരിക്കുകയാണ്.

അമേരിക്കൻ ആരോഗ്യ-മനുഷ്യസേവന വകുപ്പ് (HHS) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2026-ൽ 1.92 കോടി പേരാണ് നിലവിൽ അഫോർഡബിൾ കെയർ ആക്റ്റ് (ACA) പദ്ധതിയിൽ അംഗങ്ങളായുള്ളത്. 2025-ൽ ഇത് 2.42 കോടിയായിരുന്നു. തുറന്ന എൻറോൾമെന്റ് കാലയളവിൽ തന്നെ 10 ലക്ഷത്തിലധികം പേർ കുറവായി പദ്ധതി തിരഞ്ഞെടുത്തതിനു പുറമെ, പിന്നീട് 40 ലക്ഷത്തോളം പേർ പ്രീമിയം അടയ്ക്കാൻ കഴിയാതെ ഇൻഷുറൻസ് ഉപേക്ഷിക്കുകയോ കവറേജ് നഷ്ടപ്പെടുകയോ ചെയ്തു.

കോവിഡ് കാലത്ത് ജോ ബൈഡൻ ഭരണകൂടം നൽകിയ അധിക പ്രീമിയം സബ്‌സിഡികൾ നീട്ടാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും തയ്യാറാകാതിരുന്നതോടെയാണ് ഈ സാഹചര്യമുണ്ടായത്. സബ്‌സിഡി അവസാനിച്ചതോടെ പലരുടെയും പ്രീമിയം തുക ഇരട്ടിയിലോ മൂന്നിരട്ടിയിലോ വർധിച്ചതായാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ എൻറോൾമെന്റ് കുറഞ്ഞത് തട്ടിപ്പുകളും വ്യാജ രജിസ്ട്രേഷനുകളും തടയാൻ സ്വീകരിച്ച നടപടികളുടെ ഫലമാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിശദീകരണം.

അതേസമയം, ആരോഗ്യനയ വിദഗ്ധർ ഈ വാദം തള്ളിക്കളയുന്നു. ഇൻഷുറൻസ് ചെലവ് കുത്തനെ ഉയർന്നതാണ് ആളുകൾ പദ്ധതി ഉപേക്ഷിക്കാൻ പ്രധാന കാരണമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പ്രീമിയം വർധന ഇൻഷുറൻസ് കമ്പനികളെയും ബാധിച്ചു. സിഗ്ന ഉൾപ്പെടെ ചില കമ്പനികൾ ACA വിപണിയിൽ നിന്ന് ചില മേഖലകളിൽ പിന്മാറുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ മത്സരക്കുറവും കൂടുതൽ വിലക്കയറ്റവും ഉണ്ടാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

2027-ലും ഇൻഷുറൻസ് പ്രീമിയം വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ. ACA പദ്ധതിക്കുള്ള സാമ്പത്തിക സഹായം കോൺഗ്രസ് പുനഃസ്ഥാപിച്ചില്ലെങ്കിൽ അംഗസംഖ്യ ഇനിയും കുറയാനിടയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. നവംബറിൽ നടക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വിഷയം പ്രധാന രാഷ്ട്രീയ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.

Millions drop Obamacare after Trump-backed subsidy rollback sends premiums soaring

More Stories from this section

family-dental
witywide