
സാൻ ഹൊസെ: സിലിക്കൺ വാലിയെ നടുക്കിയ മിൽപിറ്റാസ് ഇരട്ടക്കൊലപാതക കേസിലെ പ്രതി അനില ബേബിയുടെ (33) വിചാരണ നടപടികളിൽ നിർണായക വഴിതിരിവ്. പ്രതിക്ക് വിചാരണ നേരിടാനുള്ള മാനസിക ശേഷിയില്ലെന്നും അവർ ഗുരുതരമായ മാനസിക അസ്ഥിരത അനുഭവിക്കുകയാണെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് കേസിലെ ക്രിമിനൽ നടപടികൾ സാന്താക്ലാര കൗണ്ടി സുപ്പീരിയർ കോടതി താല്കാലികമായി നിർത്തിവെച്ചു.
കലിഫോർണിയ പീനൽ കോഡ് സെക്ഷൻ 1368 പ്രകാരമാണ് പ്രതിഭാഗം അഭിഭാഷകനായ ഷോൺ എം. ജോർജ് കോടതിയിൽ ഈ വാദം ഉന്നയിച്ചത്. പ്രതിയുമായി ജയിലിൽ നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ഈ തീരുമാനത്തിൽ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ സാന്താക്ലാര കൗണ്ടി മെയിൻ ജയിലിൽ കഴിയുന്ന അനില ബേബിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ കൊല്ലപ്പെട്ടവരുടെ അടുത്ത സുഹൃത്തുക്കളും കോടതിമുറിയിൽ ഉണ്ടായിരുന്നു.
പ്രതിഭാഗത്തിന്റെ വാദത്തെത്തുടർന്ന് അനില ബേബിയുടെ മാനസികാരോഗ്യ നില വിലയിരുത്താൻ കോടതി ഡോക്ടർമാരെ നിയോഗിക്കും. നിലവിലെ കോടതി നടപടികൾ മനസ്സിലാക്കാനും അഭിഭാഷകനുമായി സഹകരിക്കാനും പ്രതിക്ക് സാധിക്കുമോ എന്ന് ഈ വിദഗ്ധ സമിതി പരിശോധിക്കും. മാസങ്ങൾ നീണ്ടുനിന്നേക്കാവുന്ന ഈ പരിശോധനകൾക്ക് ശേഷം സമർപ്പിക്കുന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിചാരണ എന്ന് പുനരാരംഭിക്കണം എന്നതിൽ കോടതി അന്തിമ തീരുമാനമെടുക്കുക.
കഴിഞ്ഞ ഓഗസ്റ്റ് 28-നാണ് യുഎസിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം അരങ്ങേറിയത്. തന്റെ അടുത്ത സുഹൃത്തുക്കളായ ആൻ മേരി മാത്യു (35), അഞ്ജന ഹരി (35) എന്നിവരെയാണ് അനില കൊലപ്പെടുത്തിയത്. ആൻ മേരിയെ സാൻ ഹൊസെയിലെ വീട്ടിൽ വെച്ച് ശ്വാസം മുട്ടിച്ചും കുത്തിയും കൊലപ്പെടുത്തിയ ശേഷം, മിൽപിറ്റാസിലെ അപ്പാർട്ട്മെന്റ് പാർക്കിങ്ങിൽ വെച്ച് അഞ്ജനയെ എസ്‌യുവി വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് 50 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിച്ചേക്കാം.
Milpitas double murder: Lawyer claims accused Anila Baby suffers from mental instability; trial proceedings temporarily suspended.















