കുടിയേറ്റക്കാരായ കുട്ടികളെ പ്രതിനിധീകരിക്കാൻ സർക്കാർ അഭിഭാഷകർ; ട്രംപ് ഭരണകൂടത്തിൻ്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം

വാഷിംഗ്ടൺ: അമേരിക്കയിൽ മുതിർന്നവരുടെ ഒപ്പമില്ലാതെ എത്തുന്ന കുടിയേറ്റക്കാരായ കുട്ടികളെ ഇമിഗ്രേഷൻ കോടതിയിൽ പ്രതിനിധീകരിക്കുന്നതിനായി ട്രംപ് ഭരണകൂടം രഹസ്യമായി സർക്കാർ അഭിഭാഷകരുടെ പ്രത്യേക സംഘം രൂപീകരിച്ചു. ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് (എച്ച്.എച്ച്.എസ്) പുറപ്പെടുവിച്ച ഫെഡറൽ നോട്ടീസിലാണ് പുതിയ ഏജൻസി വിഭാഗം രൂപീകരിച്ച വിവരം വ്യക്തമാക്കുന്നത്. പുതിയ നീക്കപ്രകാരം എച്ച്.എച്ച്.എസ് അഭിഭാഷകർ കുട്ടികൾക്ക് നേരിട്ട് നിയമസഹായം നൽകും.

വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന സ്വതന്ത്ര ഇമിഗ്രേഷൻ അഡ്വക്കസി ഗ്രൂപ്പുകളുമായുള്ള കരാറുകൾ ഭരണകൂടം റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി. കോടതിയിൽ ഹാജരാകുക, ഇമിഗ്രേഷൻ നടപടികളിലുടനീളം കുട്ടികളുടെ നിയമപരമായ പ്രതിനിധ്യം ഉറപ്പാക്കുക എന്നിവയാണ് ഈ സർക്കാർ അഭിഭാഷകരുടെ ചുമതലകൾ.

ട്രംപ് ഭരണകൂടത്തിന്റെ കർശനമായ ഇമിഗ്രേഷൻ നടപടികളുടെ ഭാഗമായി കുട്ടികളെ ലക്ഷ്യമിടുകയും നാടുകടത്താൻ ശ്രമിക്കുകയും ചെയ്യുന്ന അതേ സർക്കാർ തന്നെ കോടതിയിൽ അവർക്കായി വാദിക്കാൻ വരുന്നത് നീതിയുക്തമല്ലെന്ന് പ്രമുഖ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.

“കുട്ടികളെ നാടുകടത്താൻ ശ്രമിക്കുന്ന അതേ സർക്കാർ തന്നെ അവർക്ക് നിയമപരമായ പ്രതിരോധം തീർക്കുമെന്ന് നടിക്കുന്നത് മനസ്സാക്ഷിക്ക് നിരക്കാത്തതാണ്,” മുൻപ് സർക്കാർ കരാർ ലഭിച്ചിരുന്ന ‘അമിക്ക സെന്റർ ഫോർ ഇമിഗ്രന്റ് റൈറ്റ്സ്’ എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ ലൂക്കൻസ് പറഞ്ഞു. സ്വതന്ത്രരായ അഭിഭാഷകർ ഉണ്ടെങ്കിൽ മാത്രമേ കുട്ടികൾക്ക് നീതിപൂർവമായ വിചാരണ ലഭിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുവഴി കോടതിയിൽ കുട്ടികളുടെ സംരക്ഷകരും, പ്രോസിക്യൂട്ടറും, ജഡ്ജിയും, പ്രതിഭാഗം വക്കീലും ഒരേ സർക്കാരായി മാറുമെന്ന് ‘കിഡ്‌സ് ഇൻ നീഡ് ഓഫ് ഡിഫൻസ്’ സംഘടനയുടെ ഗ്ലോബൽ പോളിസി ചീഫ് ജെന്നിഫർ പോഡ്കുൽ വ്യക്തമാക്കി. ഇത് കുട്ടികളെ വേഗത്തിൽ നാടുകടത്താനുള്ള ഒരു അടഞ്ഞ വ്യവസ്ഥയായി മാറുമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.

നേരത്തെ ഇരുപതിനായിരത്തിലധികം കുട്ടികൾക്ക് നിയമസഹായം നൽകിയിരുന്ന ‘അക്കേഷ്യ സെന്റർ ഫോർ ജസ്റ്റിസ്’ എന്ന കൂട്ടായ്മയുമായുള്ള കരാർ അവസാനിപ്പിച്ചാണ് സർക്കാർ പുതിയ നീക്കം നടത്തിയത്. തുടർന്ന് മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു വിവാദ സംഘടനയ്ക്ക് ടെൻഡർ വിളിക്കാതെ തന്നെ 158 മില്യൺ ഡോളറിന്റെ കരാർ നൽകിയിരുന്നു. കൂടാതെ, ഇമിഗ്രേഷൻ നിയമത്തിൽ മുൻപരിചയമില്ലാത്ത ടെക്സാസിലെ ഒരു ചെറിയ നിയമ സ്ഥാപനത്തിന് 150 മില്യൺ ഡോളറിന്റെ കരാർ നൽകാൻ ശ്രമിച്ചതും വൻ വിവാദമായിരുന്നു.

ഇമിഗ്രേഷൻ രംഗത്ത് പരിചയസമ്പന്നരായ സംഘടനകളെ ബോധപൂർവ്വം ഒഴിവാക്കി, രാഷ്ട്രീയ സ്വാധീനമുള്ള കമ്പനികൾക്ക് ഫെഡറൽ കരാറുകൾ നൽകാനുള്ള സർക്കാരിന്റെ ശ്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് അഭിഭാഷകരുടെ സംഘം രംഗത്തെത്തിയിട്ടുണ്ട്. കുടിയേറ്റ വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ ദുർബലരായ കുട്ടികളുടെ സുരക്ഷിതത്വം ഭരണകൂടം അപകടത്തിലാക്കുകയാണെന്ന് പ്രതിനിധി ജോക്വിൻ കാസ്ട്രോ ആരോപിച്ചു.

അതേസമയം, പുതിയ വിവാദങ്ങളോട് പ്രതികരിക്കാൻ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് വക്താവ് തയ്യാറായിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Government lawyers to represent migrant children; widespread protest against the Trump administration’s move.

More Stories from this section

family-dental
witywide