ഐസിഇ കസ്റ്റഡിയിൽ കുടിയേറ്റക്കാർ വർധിക്കുന്നു; സുരക്ഷാ പരിശോധനകൾ കുറയുന്നു, ആശങ്കയറിയിച്ച് യുഎസ് നിരീക്ഷണ സമിതി

അമേരിക്കയിൽ കുടിയേറ്റക്കാരെ തടങ്കലിൽ പാർപ്പിക്കുന്ന കേന്ദ്രങ്ങളിലെ സുരക്ഷാ പരിശോധനകൾ കുറഞ്ഞുവരുന്നതായി സർക്കാർ നിരീക്ഷണ സമിതിയുടെ മുന്നറിയിപ്പ്. തടവുകാരുടെ സുരക്ഷയും മാനുഷിക പരിഗണനയും ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യുഎസ് കോൺഗ്രസിന്റെ അന്വേഷണ വിഭാഗമായ ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫിസാണ് (GAO) ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ (ICE) തടങ്കൽ കേന്ദ്രങ്ങളിലെ പരിശോധനകൾ കുറഞ്ഞത് ഉത്തരവാദിത്ത നിർണയത്തെയും സുരക്ഷാ ഉറപ്പാക്കലിനെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ.

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകാലത്ത് കുടിയേറ്റ തടങ്കലിലുള്ളവരുടെ പ്രതിദിന ശരാശരി എണ്ണം 50 ശതമാനത്തിലധികം വർധിച്ചിട്ടുണ്ട്. തടങ്കൽ ശേഷി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഐസിഇ 40ലധികം പുതിയ കേന്ദ്രങ്ങളും തുറന്നു. ഐസിഇയുടെ ഓഫിസ് ഓഫ് ഡിറ്റൻഷൻ ഓവർസൈറ്റ് (ODO) 2024ൽ 194 പരിശോധനകൾ നടത്തിയപ്പോൾ 2025ൽ ഇത് 102 ആയി കുറഞ്ഞു. കുടിയേറ്റ തടങ്കൽ ഓംബുഡ്‌സ്മാന്റെ ഓഫിസാകട്ടെ, 2026 സാമ്പത്തിക വർഷത്തിൽ പ്രത്യേക ഫണ്ട് ലഭിക്കാതായതോടെ ജനുവരി മുതൽ പരിശോധനകൾ പൂർണമായും നിർത്തി.

മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്തിന്റെ അവസാനത്തിൽ ഐസിഇ കസ്റ്റഡിയിലുണ്ടായിരുന്നത് 40,000ൽ താഴെ ആളുകളായിരുന്നു. ഫെബ്രുവരിയിൽ മിനസോട്ടയിൽ കുടിയേറ്റ വിരുദ്ധ നടപടികൾ ശക്തമാക്കിയതിനു പിന്നാലെ എണ്ണം 70,000 കടന്നു. ജൂലൈയിലും 65,000ത്തിലധികം പേർ തടങ്കലിലുണ്ടായിരുന്നു. സ്വകാര്യ കരാറുകാർ, സംസ്ഥാന-പ്രാദേശിക ഭരണകൂടങ്ങൾ എന്നിവരിൽനിന്ന് വാടകയ്ക്കെടുക്കുന്ന കെട്ടിടങ്ങളിലാണ് പുതിയ തടങ്കൽ കേന്ദ്രങ്ങളിൽ പലതും പ്രവർത്തിക്കുന്നത്.

പരിശോധനകൾ കുറഞ്ഞതോടെ തടങ്കൽ കേന്ദ്രങ്ങൾ ഐസിഇയുടെ സ്വന്തം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് സ്വതന്ത്രമായി വിലയിരുത്താനുള്ള അവസരങ്ങളും കുറഞ്ഞതായി ജിഎഒ മുന്നറിയിപ്പ് നൽകി. മോശം സാഹചര്യങ്ങൾ കണ്ടെത്തുന്നതിനും തടവുകാരോട് മാനുഷികമായി പെരുമാറുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഇത് തടസ്സമാകാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ചില പരിശോധനകൾ ആവർത്തന സ്വഭാവമുള്ളതാണെന്നും അവ ഒഴിവാക്കാമെന്നുമാണ് ഐസിഇ ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ പരിശോധനകൾ അനാവശ്യമാണെന്നതിന് മതിയായ തെളിവുകൾ ഐസിഇ നൽകിയിട്ടില്ലെന്ന് ജിഎഒ വ്യക്തമാക്കി.

More migrants in ICE custody, fewer safety checks: US watchdog warns of oversight gaps

More Stories from this section

family-dental
witywide