ലോകത്തിന്‍റെ ഗതി മാറുന്നു, പനാമ കനാലിൽ വൻ തിരക്ക്; ഹോർമുസ് പ്രതിസന്ധിയിൽ ആഗോള കപ്പൽ ഗതാഗതം വഴിമാറുന്നു

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള കപ്പൽ ഗതാഗതത്തിന്റെ ഗതി മാറുന്നു. അറ്റ്‌ലാന്റിക് – പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന പനാമ കനാലിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതായി പനാമ കനാൽ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ മുതൽ ഇതേ കാലയളവ് വരെയുള്ള കണക്കുകൾ പ്രകാരം മുന്നൂറോളം അധികം കപ്പലുകളാണ് ഇതുവഴി സർവീസ് നടത്തിയത്.

മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിക്കുന്നത് വരെ പനാമ കനാലിലെ ഈ തിരക്ക് തുടരുമെന്ന് അതോറിറ്റി ഫിനാൻസ് ചീഫ് വിക്ടർ വിയാൽ വ്യക്തമാക്കി. ഇറാൻ തീരത്തെ അപകടസാധ്യതകൾ ഒഴിവാക്കാൻ പല അന്താരാഷ്ട്ര കമ്പനികളും തങ്ങളുടെ ചരക്ക് നീക്കം പനാമ കനാൽ വഴി പുനഃക്രമീകരിച്ചതാണ് ഈ തിരക്കിന് പ്രധാന കാരണം. ഇത് ആഗോള വിതരണ ശൃംഖലയിൽ വലിയ മാറ്റങ്ങൾക്കും ചെലവ് വർദ്ധനവിനും കാരണമായിട്ടുണ്ട്.കനാൽ കടന്നുപോകുന്നതിനുള്ള ചിലവ് ഇപ്പോൾ കുതിച്ചുയരുകയാണ്.

ഒരു കപ്പലിന് ശരാശരി 3 ലക്ഷം മുതൽ 4 ലക്ഷം ഡോളർ വരെയാണ് (ഏകദേശം 2.5 കോടി മുതൽ 3.3 കോടി രൂപ വരെ) സാധാരണ ഈടാക്കുന്നത്. എന്നാൽ അവസാന നിമിഷം യാത്രാ അനുമതി ഉറപ്പാക്കാൻ പല കപ്പലുകളും 4,25,000 ഡോളർ വരെ അധിക ഫീസ് നൽകാൻ തയ്യാറാകുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്യുന്നു. വിതരണ ശൃംഖലയിലെ ഈ അധിക ചിലവ് വരും ദിവസങ്ങളിൽ ആഗോള വിപണിയിലെ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനും കാരണമായേക്കാം.

More Stories from this section

family-dental
witywide