‘ജീവൻ അമൂല്യമാണ്’, സോനം വാങ്‌ചുകിന്റെ നിരാഹാര സമരം 19 ആം ദിവസം, ആരോഗ്യനില വഷളാകുന്നു, ദിവസേന പരിശോധിക്കാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം

ഡൽഹി ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിന്റെ ആരോഗ്യനില ദിവസേന പരിശോധിക്കണമെന്ന് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനും കോടതി ഉത്തരവിട്ടു. മനുഷ്യജീവൻ അമൂല്യമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര-ഡൽഹി സർക്കാരുകൾക്ക് ഈ നിർദ്ദേശം നൽകിയത്.

സോനം വാങ്ചുക് അനുവദിക്കുന്ന സമയങ്ങളിലെല്ലാം ഡോക്ടർമാർ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൃത്യമായി പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ദിവസേനയുള്ള പരിശോധനകൾക്ക് പുറമെ, റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ മറ്റ് അടിയന്തര ഇടപെടലുകൾ നടത്തണമെന്നും വ്യക്തമാക്കിയ കോടതി തുടർന്ന് കേസ് തീർപ്പാക്കി.

നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് വാങ്ചുക് നിരാഹാരം അനുഷ്ഠിക്കുന്നത്. സമരം 19-ാം ദിവസത്തിലേക്ക് കടന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായിരുന്നു. ഇതേത്തുടർന്ന് വാങ്ചുകിനെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ രാകേഷ് കുമാർ സെയ്നിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

സമരം തുടർന്നാൽ വാങ്ചുകിന്റെ ജീവന് അപകടമുണ്ടാകുമെന്നും, ഭരണഘടനാപരമായി പൗരന്മാരുടെ ജീവൻ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സമാധാനപരമായ പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും വാങ്ചുകിന് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

Life is Precious: Delhi High Court Directs Daily Health Checkups for Sonam Wangchuk

More Stories from this section

family-dental
witywide