‘ഓപ്പറേഷൻ റോട്ടൻ ആപ്പിൾ’: ന്യൂയോർക്കിൽ 2,100ലധികം അനധികൃത കുടിയേറ്റക്കാർ അറസ്റ്റിൽ

ന്യൂയോർക്ക്: യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) നടത്തിയ ഒരുമാസം നീണ്ട പരിശോധനയിൽ ന്യൂയോർക്കിൽ 2,197 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) അറിയിച്ചു. ജൂലൈ 27 മുതൽ ഓഗസ്റ്റ് 29 വരെയാണ് ന്യൂയോർക്ക് സംസ്ഥാനത്തുടനീളം ‘ഓപ്പറേഷൻ റോട്ടൻ ആപ്പിൾ’ എന്ന പേരിൽ പരിശോധന നടത്തിയത്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് കടത്ത്, ആക്രമണം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ക്രിമിനൽ റെക്കോർഡുള്ളവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നതായി DHS വ്യക്തമാക്കി.

ഓപ്പറേഷൻ ന്യൂയോർക്കിനെ കൂടുതൽ സുരക്ഷിതമാക്കാൻ സഹായിച്ചതായി യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ പറഞ്ഞു. അതേസമയം, ഫെഡറൽ കുടിയേറ്റ അധികൃതരുമായി സഹകരിക്കുന്നതിൽ സംസ്ഥാന-നഗര അധികൃതർ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ ഓപ്പറേഷനിലൂടെ കൊലപാതകികൾ, ബലാത്സംഗക്കാർ, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തവർ, മയക്കുമരുന്ന് കടത്തുകാർ, അക്രമാസക്തമായ ആക്രമണങ്ങളിൽ ഏർപ്പെട്ടവർ എന്നിവരെ അറസ്റ്റ് ചെയ്തുവെന്നും ന്യൂയോർക്ക് നഗരത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുള്ളിൻ പറഞ്ഞു.

അറസ്റ്റിലായ പലർക്കും ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് DHS അറിയിച്ചു. ഇതിൽ യുക്രെയ്ൻ സ്വദേശിയായ ബൊഗ്ദാൻ ഡെട്രോവിച്ച് ഗ്രെനും ഉൾപ്പെടുന്നു. മരണത്തിനിടയാക്കിയ തട്ടിക്കൊണ്ടുപോകൽ, ആയുധം കൈവശം വയ്ക്കൽ, കൊലപാതകം തുടങ്ങിയ കേസുകളിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കൊളംബിയ സ്വദേശിയായ ആൻഡ്രിയാസ് ബെർണൽ ചിക്കിറ്റോയും അറസ്റ്റിലായി. കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതുമായി ബന്ധപ്പെട്ട കേസുകളിൽ ഇയാൾക്കെതിരെ നടപടിയുണ്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. മെക്സിക്കോ സ്വദേശിയായ നോയൽ സെലെസ്റ്റിനോ ലോപ്പസ് മാർട്ടിനെസിനെ ഒന്നാം ഡിഗ്രി ബലാത്സംഗക്കേസിലാണ് അറസ്റ്റ് ചെയ്തത്.

ഇന്ത്യൻ സ്വദേശിയായ പൽവിന്ദർ സിങ്ങിനെയും അറസ്റ്റ് ചെയ്തതായി DHS അറിയിച്ചു. ജർമനിയിൽ ബലാത്സംഗക്കേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. വെനസ്വേല സ്വദേശിയായ കാർലോസ് മെൻഡസ്-അകോസ്റ്റയ്ക്കും ബലാത്സംഗക്കേസിൽ ശിക്ഷ ലഭിച്ചിട്ടുണ്ടെന്ന് DHS വ്യക്തമാക്കി. കംബോഡിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, സിയറ ലിയോൺ, ഹോണ്ടുറാസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. മയക്കുമരുന്ന് കടത്ത്, ഹെറോയിൻ വിതരണം, മോഷണം, ആക്രമണം, മയക്കുമരുന്ന് കൈവശം വയ്ക്കൽ, കവർച്ച തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളോ ശിക്ഷകളോ ഇവരിൽ ചിലർക്കുണ്ടായിരുന്നു.

യുഎസ് അതിർത്തി കാര്യങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ടോം ഹോമനും ഓപ്പറേഷനെ പ്രശംസിച്ചു. ന്യൂയോർക്കിലെ ‘സാങ്ക്ച്വറി’ നയങ്ങളെയും അദ്ദേഹം വിമർശിച്ചു. ഫെഡറൽ കുടിയേറ്റ ഉദ്യോഗസ്ഥരുമായി പ്രാദേശിക അധികൃതർ സഹകരിക്കുന്നത് ഇത്തരം നയങ്ങൾ തടയുന്നുവെന്നാണ് ഹോമന്റെ ആരോപണം.

പൊതുസുരക്ഷയ്ക്ക് ഭീഷണിയെന്ന് കരുതുന്നവരെയാണ് ഓപ്പറേഷനിൽ പ്രധാനമായും ലക്ഷ്യമിട്ടതെന്ന് ഐസിഇ അധികൃതർ പറഞ്ഞു. ന്യൂയോർക്കിലുടനീളം ഫെഡറൽ കുടിയേറ്റ നിയമങ്ങൾ തുടർന്നും കർശനമായി നടപ്പാക്കുമെന്നും അവർ വ്യക്തമാക്കി. ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കലും ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മംദാനിയും ഐസിഇയുമായുള്ള സഹകരണം പരിമിതപ്പെടുത്തുന്ന നയങ്ങളെ പിന്തുണയ്ക്കുന്നതായും DHS ആരോപിച്ചു. ഈ നയങ്ങളുടെ ഫലമായി ക്രിമിനൽ പശ്ചാത്തലമുള്ള 13,621 അനധികൃത കുടിയേറ്റക്കാരെ ന്യൂയോർക്കിലെ ജയിലുകളിൽനിന്ന് വിട്ടയച്ചതായി DHS അവകാശപ്പെട്ടു. എന്നാൽ ഈ കണക്കിനെ പിന്തുണയ്ക്കുന്ന വിശദമായ വിവരങ്ങൾ വാർത്താക്കുറിപ്പിൽ DHS നൽകിയിട്ടില്ല.

Operation ‘Rotten Apple’: US arrests over 2,100 illegal immigrants across New York