ബഹിരാകാശത്ത് റഷ്യൻ ഉപഗ്രഹങ്ങളുടെ ദുരൂഹ നീക്കം, വെറും പത്തടി അകലത്തിലെത്തി രണ്ട് ഉപഗ്രഹങ്ങൾ

മോസ്കോ: ബഹിരാകാശത്ത് അതീവ രഹസ്യമായി നീങ്ങുന്ന രണ്ട് റഷ്യൻ ഉപഗ്രഹങ്ങൾ തമ്മിൽ വെറും 10 അടി (3 മീറ്റർ) ദൂരത്തിൽ അടുത്തുവന്നത് ബഹിരാകാശ നിരീക്ഷകരെ ആശങ്കയിലാക്കുന്നു. കോസ്മോസ് 2581, കോസ്മോസ് 2583 എന്നീ ഉപഗ്രഹങ്ങളാണ് ഏപ്രിൽ 28-ന് ഭൂമിയിൽ നിന്ന് 585 കിലോമീറ്റർ ഉയരത്തിൽ വെച്ച് ഇത്തരത്തിൽ അത്യന്തം സങ്കീർണ്ണമായ നീക്കങ്ങൾ നടത്തിയത്. ഇതൊരു യാദൃശ്ചികമായ അടുപ്പമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടത്തിയ നീക്കങ്ങളാണെന്നും ബഹിരാകാശ നിരീക്ഷണ ഏജൻസിയായ ‘കോംസ്പോക്’ (COMSPOC) വ്യക്തമാക്കി.

നിശ്ചിത അകലം പാലിച്ച് ഒരേ വേഗതയിൽ സഞ്ചരിക്കാൻ കോസ്മോസ് 2583 പ്രത്യേക ക്രമീകരണങ്ങൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. 2025 ഫെബ്രുവരിയിൽ പ്ലെസെറ്റ്‌സ്ക് കോസ്‌മോഡ്രോമിൽ നിന്ന് വിക്ഷേപിച്ച കോസ്മോസ് 2581, 2582, 2583 എന്നീ മൂന്ന് ഉപഗ്രഹങ്ങളുടെ ലക്ഷ്യം റഷ്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മറ്റ് ഉപഗ്രഹങ്ങളെ നിരീക്ഷിക്കാനോ തകർക്കാനോ ഉള്ള സാങ്കേതികവിദ്യയുടെ പരീക്ഷണമാണോ ഇതെന്ന സംശയം അന്താരാഷ്ട്ര തലത്തിൽ ഉയർന്നിട്ടുണ്ട്.

ബഹിരാകാശ മാലിന്യങ്ങൾ നീക്കം ചെയ്യാനും ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണികൾക്കും ഇത്തരം ‘പ്രോക്സിമിറ്റി ഓപ്പറേഷൻസ്’ ഉപകരിക്കുമെങ്കിലും, സൈനിക ആവശ്യങ്ങൾക്കായി ഇവ ഉപയോഗിക്കപ്പെടുമോ എന്നതാണ് പ്രധാന ആശങ്ക. ഏതെങ്കിലും തരത്തിലുള്ള ചെറിയ പിഴവ് സംഭവിച്ചാൽ പോലും വലിയ കൂട്ടിയിടിയിലേക്ക് ഇത് നയിച്ചേക്കാം. 2009-ൽ ഇത്തരത്തിൽ ഇറിഡിയം ഉപഗ്രഹവും റഷ്യൻ ഉപഗ്രഹവും കൂട്ടിയിടിച്ചുണ്ടായ അപകടം ബഹിരാകാശത്ത് വലിയ തോതിൽ മാലിന്യങ്ങൾ സൃഷ്ടിച്ചിരുന്നു. റഷ്യ സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലായതിനാൽ, അതിന്റെ ഭാഗമായുള്ള ഡോക്കിംഗ് പരീക്ഷണങ്ങളാണോ ഇതെന്നും സംശയമുയരുന്നുണ്ട്. എന്നാൽ ഉപഗ്രഹങ്ങൾ തമ്മിൽ കൂട്ടിമുട്ടിയിട്ടില്ല. അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും റഷ്യയുടെ ഈ നീക്കങ്ങളെ ജാഗ്രതയോടെയാണ് കാണുന്നത്.

Mysterious movement of Russian satellites in space, two satellites come within ten feet of each other

More Stories from this section

family-dental
witywide