
യുദ്ധ ഭീതിയും നയതന്ത്ര പിരിമുറുക്കങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, അമേരിക്കൻ ഉദ്യോഗസ്ഥരുമായി ഉടൻ നേരിട്ടുള്ള ചർച്ചകൾക്ക് പദ്ധതിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ കേവലം അഭ്യൂഹങ്ങൾ മാത്രമാണെന്നും, നിലവിലെ സാഹചര്യത്തിൽ അമേരിക്കയുമായി യാതൊരുവിധ കൂടിക്കാഴ്ചയുടെയും ആവശ്യമില്ലെന്നും അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഖത്തർ, പാകിസ്താൻ മധ്യസ്ഥർ മുഖേന യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് കൈമാറിയ സമാധാന കരാറിന്റെ രൂപരേഖ ഇറാന് ലഭിച്ചിട്ടുണ്ട്. സംഭാഷണത്തിന്റെ വാതിലുകൾ തുറക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ ധാരണയിലേക്കുള്ള നല്ലൊരു ചുവടുവെപ്പായി കാണാമെങ്കിലും, ഇറാനിലെ ആഭ്യന്തര ഭിന്നതകൾ രൂക്ഷമാക്കാനാണ് വാഷിംഗ്ടൺ ഈ നീക്കം നടത്തുന്നതെങ്കിൽ അത് മുൻപ് വരുത്തിയ തെറ്റുകൾക്ക് മുകളിലുള്ള പുതിയൊരു അബദ്ധമായിരിക്കുമെന്ന് അരാഗ്ചി മുന്നറിയിപ്പ് നൽകി.
ഇറാൻ മുന്നോട്ടുവെച്ചിട്ടുള്ള നിബന്ധനകൾ തികച്ചും വ്യക്തമാണെന്നും, മധ്യസ്ഥർ ഇതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരുമായും കൂടിയാലോചനകൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ എല്ലാ തരത്തിലുള്ള സൈനിക സാഹചര്യങ്ങളെയും നേരിടാൻ ഇറാന്റെ പ്രതിരോധ സേന പൂർണ്ണ സജ്ജമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.













