
മനാമ: പശ്ചിമേഷ്യൻ മേഖലയിൽ സമാധാനം തിരികെ കൊണ്ടുവരാൻ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കേണ്ട സമയമാണിതെന്ന് സൗദി അറേബ്യൻ വിദേശകാര്യ ഉപമന്ത്രി വലീദ് എൽഖെരിജി വ്യക്തമാക്കി. ബഹ്‌റൈനിൽ നടന്ന സുരക്ഷാ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക ഏറ്റുമുട്ടലുകൾ ഒഴിവാക്കാനും ഇറാനുമായുള്ള പ്രതിസന്ധിക്ക് പരിഹാരം കാണാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും എന്നാൽ ഈ ശ്രമങ്ങളുടെ ഫലം മുൻകൂട്ടി കാണാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം മേഖലയിൽ വീണ്ടുമൊരു സമ്പൂർണ്ണ യുദ്ധം ഉണ്ടാകുമെന്ന ആശങ്കകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. സൈനിക നടപടികളിലൂടെ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാൻ കഴിയുമെന്ന നിലപാടിലാണ് പ്രസിഡന്റ് ട്രംപ് ഇതിനിടെ അഭിപ്രായപ്പെട്ടിട്ടുള്ളത്.
അതേ വേദിയിൽ സംസാരിച്ച ഈജിപ്ത് വിദേശകാര്യ മന്ത്രി ബദ്ർ അബ്ദുലാറ്റിയും മേഖലയിലെ സംഘർഷങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ ഒരു ഏറ്റുമുട്ടൽ ഉണ്ടായാൽ അത് അതിതീവ്രവും കൂടുതൽ വിനാശകരവുമായിരിക്കുമെന്നും, അത് ആർക്കും ഒരു ഗുണവും ചെയ്യുകയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.












