
പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ് (എഐഎൻആർസി) നേതാവ് എൻ. രംഗസ്വാമി വീണ്ടും അധികാരമേറ്റു. ഇന്ന് രാവിലെയോടെ രാജ് നിവാസിൽ നടന്ന ചടങ്ങിൽ ലഫ്റ്റനൻ്റ് ഗവർണർ കെ. കൈലാസനാഥൻ അദ്ദേഹത്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രംഗസ്വാമി പുതുച്ചേരിയുടെ മുഖ്യമന്ത്രിയാകുന്നത് ഇത് അഞ്ചാം തവണയാണ്. അദ്ദേഹത്തോടൊപ്പം എഐഎൻആർസിയിലെ മല്ലാടി കൃഷ്ണറാവുവും ബിജെപി നേതാവ് എ. നമശ്ശിവായവും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ഏപ്രിൽ 9-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎൻആർസി-ബിജെപി ഉൾപ്പെടുന്ന എൻഡിഎ സഖ്യം വൻ ഭൂരിപക്ഷത്തോടെയാണ് ഭരണം നിലനിർത്തിയത്. ആകെ 30 അംഗങ്ങളുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 16 സീറ്റുകൾ വേണമെന്നിരിക്കെ 18 സീറ്റുകൾ നേടിയാണ് എൻഡിഎ സഖ്യം അധികാരം ഉറപ്പിച്ചത്. സഖ്യത്തിൽ എഐഎൻആർസി 12 സീറ്റുകളും ബിജെപി നാല് സീറ്റുകളും എഐഎഡിഎംകെ, എൽജെകെ എന്നിവർ ഓരോ സീറ്റുകൾ വീതവും നേടി.
പ്രതിപക്ഷത്തുള്ള ഇന്ത്യ മുന്നണി ആകെ 6 സീറ്റുകളിലേക്ക് ഒതുങ്ങി; ഇതിൽ ഡിഎംകെ അഞ്ച് സീറ്റുകളും കോൺഗ്രസ് ഒരു സീറ്റും മാത്രമാണ് നേടിയത്. ഇവരെക്കൂടാതെ തമിഴക വെട്രി കഴകം (ടിവികെ) രണ്ട് സീറ്റുകളും നെയം മക്കൾ കഴകം ഒരു സീറ്റും നേടി നിയമസഭയിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ബിജെപി ദേശീയ അധ്യക്ഷൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. തുടർഭരണത്തിലൂടെ പുതുച്ചേരിയുടെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗത കൈവരിക്കുമെന്ന് അധികാരമേറ്റ ശേഷം മുഖ്യമന്ത്രി രംഗസ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചു.
N. Rangaswamy takes oath as Puducherry Chief Minister for the fifth time














