
ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ‘റിസോർട്ട് രാഷ്ട്രീയം’ വീണ്ടും സജീവമാകുന്നു. കൂറുമാറ്റ ഭീഷണിയും കുതിരക്കച്ചവടവും തടയുന്നതിൻ്റെ ഭാഗമായി 25ലേറെ എഐഎഡിഎംകെ എംഎൽഎമാരെ പാർട്ടി നേതൃത്വം പുതുച്ചേരിയിലെ ആഡംബര റിസോർട്ടിലേക്ക് മാറ്റിയെന്ന് റിപ്പോർട്ട്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് നാടകീയ നീക്കങ്ങൾ ആരംഭിച്ചത്.
എടപ്പാടി പളനിസാമിയുടെ വിശ്വസ്തനും രാജ്യസഭാ എംപിയുമായ സി.വി. ഷൺമുഖത്തിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് എംഎൽഎമാരെ മാറ്റിയത്. പുതുച്ചേരിയിലെ പ്രശസ്തമായ ‘ദി ഷോർ ത്രിശ്വം’ റിസോർട്ടിൽ ഇതിനോടകം ഇരുപതിലധികം മുറികൾ പാർട്ടി ബുക്ക് ചെയ്തുകഴിഞ്ഞു. നിലവിൽ വ്യാഴാഴ്ച വരെയാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളതെങ്കിലും സാഹചര്യത്തിനനുസരിച്ച് ഇത് നീട്ടാനാണ് പാർട്ടിയുടെ തീരുമാനം.
വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയതാണ് നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന സംഖ്യയിലേക്ക് എത്താൻ വിജയ്‌യുടെ പാർട്ടിക്ക് 10 സീറ്റുകൾ കൂടി ആവശ്യമാണ്. ഈ സാഹചര്യത്തിൽ എഐഎഡിഎംകെ-യിലെ ഒരു വിഭാഗം എംഎൽഎമാർ ടിവികെയെ പിന്തുണയ്ക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് എടപ്പാടി പളനിസാമിയെ ആശങ്കയിലാഴ്ത്തുന്നത്.
റിസോർട്ടിലേക്ക് മാറ്റപ്പെട്ടവരിൽ മുതിർന്ന നേതാക്കളും മുൻ മന്ത്രിമാരും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. സി.വി. വിജയഭാസ്കർ (വിരാലിമലൈ), ഒ.എസ്. മണിയൻ (വേദാരണ്യം), തളവായ് സുന്ദരം (കന്യാകുമാരി) തുടങ്ങിയ പ്രമുഖർ പട്ടികയിലുണ്ട്. കൂടാതെ അരണി, ആർക്കോട്ട്, ഭവാനി, മേട്ടൂർ തുടങ്ങിയ മണ്ഡലങ്ങളിൽ നിന്നുള്ള എംഎൽഎമാരും നിലവിൽ പുതുച്ചേരിയിലെ റിസോർട്ടിൽ നിരീക്ഷണത്തിലാണ്.
അതിനിടെ, തമിഴ്‌നാട് രാഷ്ട്രീയത്തിലെ പരമ്പരാഗത വൈരികളായ ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ അണിയറയിൽ ചർച്ചകൾ നടക്കുന്നു എന്ന വാർത്തകളാണ് മറ്റൊരു പ്രധാന തിരിവ്. 59 സീറ്റുകളുള്ള ഡിഎംകെയും 47 സീറ്റുകളുള്ള എഐഎഡിഎംകെയും ഒത്തുചേർന്നാൽ ഭരണം പിടിക്കാനാകുമെന്ന ഗണിതശാസ്ത്രം ഇരുപാർട്ടികളും പരിശോധിക്കുന്നുണ്ട്. എന്നാൽ പ്രത്യയശാസ്ത്രപരമായി എതിർചേരിയിലുള്ളവർ ഒന്നിക്കുന്നത് അണികൾക്കിടയിൽ എന്ത് ചലനമുണ്ടാക്കുമെന്ന ഭയവും ഇരുവിഭാഗത്തിനുമുണ്ട്.
മുമ്പ് സമാനമായ രീതിയിൽ കൂവത്തൂർ റിസോർട്ടിൽ എംഎൽഎമാരെ പാർപ്പിച്ചത് വലിയ വിവാദമായിരുന്നു. അന്ന് ജയലളിതയുടെ മരണത്തിന് പിന്നാലെ പാർട്ടി പിളരാതിരിക്കാനായിരുന്നു നീക്കമെങ്കിൽ, ഇന്ന് രാഷ്ട്രീയ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് എഐഎഡിഎംകെ. എംഎൽഎമാരെ സുരക്ഷിതരായി താമസിപ്പിക്കുക വഴി മറ്റ് പാർട്ടികളുടെ സ്വാധീനത്തിൽ നിന്ന് അവരെ അകറ്റി നിർത്താനാണ് നേതൃത്വം ലക്ഷ്യമിടുന്നത്.
ചെന്നൈയിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും എംഎൽഎമാരെ സ്വകാര്യ വാഹനങ്ങളിലും ബസുകളിലുമായി റിസോർട്ടിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ പാർട്ടി വൃത്തങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി പുതുച്ചേരി മാറിയിരിക്കുകയാണ്. ഗവർണറുടെ തീരുമാനം വരുന്നത് വരെ എംഎൽഎമാരെ റിസോർട്ടിൽ തന്നെ താമസിപ്പിക്കാനാണ് നിലവിലെ തീരുമാനം. ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയെ ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമോ അതോ മറ്റേതെങ്കിലും സഖ്യസാധ്യതകൾ തെളിയുമോ എന്നാണ് സംസ്ഥാനം ഉറ്റുനോക്കുകയാണ്. അതുവരെ തങ്ങളുടെ എംഎൽഎമാരെ മറുകണ്ടം ചാടിക്കാതെ കാത്തുസൂക്ഷിക്കുക എന്നതാണ് എഐഎഡിഎംകെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
AIADMK shifts 19 MLAs to Puducherry resort













