തൊഴിലില്ലായ്മാ വേതനത്തിനുള്ള വ്യവസ്ഥകൾ കർശനമാക്കി ട്രംപ് ഭരണകൂടം; ആഴ്ചയിൽ കുറഞ്ഞത് 5 തൊഴിൽ അന്വേഷണങ്ങൾ നിർബന്ധമാക്കി ലേബർ ഡിപ്പാർട്ട്മെന്‍റ്

വാഷിംഗ്ടൺ: അമേരിക്കയിൽ തൊഴിലില്ലായ്മാ വേതനം തേടുന്നവർക്കായി പുതിയതും കർശനവുമായ ചട്ടങ്ങൾ നിർദ്ദേശിച്ച് ട്രംപ് ഭരണകൂടം. വേതനം ലഭിക്കുന്നതിനായി ഓരോ ആഴ്ചയും അഞ്ച് വ്യത്യസ്ത തൊഴിൽ അന്വേഷണങ്ങളെങ്കിലും നടത്തണമെന്നാണ് ലേബർ ഡിപ്പാർട്ട്മെന്റിന്റെ പുതിയ നിർദ്ദേശം. ഫെഡറൽ രജിസ്റ്ററിൽ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന ഈ പുതിയ നിയമപ്രകാരം, രാജ്യത്തുടനീളം ഒരേ തരത്തിലുള്ള യോഗ്യതാ മാനദണ്ഡങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യമിടുന്നത്.

നിലവിൽ അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും ആഴ്ചയിൽ രണ്ടോ മൂന്നോ തൊഴിൽ അന്വേഷണങ്ങളാണ് ഇതിനായി ആവശ്യപ്പെടുന്നത്. നാല് സംസ്ഥാനങ്ങളിൽ മാത്രമാണ് അഞ്ച് പരിശോധനകൾ നിർബന്ധമുള്ളത്. ചിലയിടങ്ങളിൽ ഒരു തൊഴിൽ അന്വേഷണം നടത്തിയാൽ പോലും വേതനത്തിന് അർഹതയുണ്ട്. എന്നാൽ സംസ്ഥാന തലത്തിലുള്ള ഈ വ്യത്യാസങ്ങൾ ഒഴിവാക്കി ദേശീയതലത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ കൊണ്ടുവരാനാണ് ഈ നീക്കമെന്ന് ലേബർ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. പ്രോഗ്രാമിന്റെ സുതാര്യത ഉറപ്പാക്കുന്നതിനും തൊഴിൽ വിപണിയുമായുള്ള ബന്ധം ശക്തമാക്കുന്നതിനും ഈ നടപടി അത്യന്താപേക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. പുതിയ നിർദ്ദേശത്തിന്മേൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കുന്നതിനായി 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ ഈ പുതിയ തീരുമാനത്തിനെതിരെ തൊഴിലാളി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും അഞ്ച് വ്യത്യസ്ത തൊഴിൽ അവസരങ്ങൾ കണ്ടെത്തുക എന്നത് തൊഴിലില്ലാത്തവരെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് നാഷണൽ എംപ്ലോയ്മെന്റ് ലോ പ്രൊജക്റ്റിലെ സാമ്പത്തിക സുരക്ഷാ ഡയറക്ടർ മിഷേൽ എവർമോർ വ്യക്തമാക്കി. കൂടാതെ, സംസ്ഥാനങ്ങളുടെ നിലവിലുള്ള സോഫ്റ്റ്‌വെയറുകളിലും നിയമങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടി വരുന്നത് സർക്കാരുകൾക്കും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് അവർ വിമർശിച്ചു.

More Stories from this section

family-dental
witywide