
വാഷിംഗ്ടൺ: ടെക്സസിലെ ബിഗ് ബെൻ നാഷണൽ പാർക്ക് ഉൾപ്പെടുന്ന ബിഗ് ബെൻ മേഖലയിൽ അതിർത്തി മതിൽ നിർമ്മാണം തുടരാൻ അമേരിക്കൻ സുപ്രീം കോടതി അനുമതി നൽകി. പരിസ്ഥിതി നിയമങ്ങളും ചട്ടങ്ങളും മറികടന്ന് നിർമ്മാണം നടത്തുന്നതിന് ഭരണകൂടത്തിന് അധികാരമുണ്ടോ എന്ന് കോടതി പരിശോധിക്കുന്നതിനിടയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമേർപ്പെടുത്തിയ ലോവർ കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
ഒപ്പിടാത്ത ഉത്തരവിലൂടെയാണ് കോടതി ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. ലിബറൽ ജഡ്ജിയായ കേതൻജി ബ്രൗൺ ജാക്സൺ മാത്രമാണ് വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ചത്. എന്നാൽ അവർ തന്റെ നിലപാടിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. അതിർത്തി നിർമ്മാണം ആ പ്രദേശത്തിന്റെ സൗന്ദര്യവും ഉപയോഗവും കുറയ്ക്കുമെന്ന ഹർജിക്കാരെ വാദങ്ങളെ കോടതി പരാമർശിച്ചെങ്കിലും, പരിസ്ഥിതിപരമായ ആശങ്കകളേക്കാൾ അതിർത്തി നിർമ്മാണത്തിന് വേഗത നൽകുന്നതിനാണ് കോൺഗ്രസ് മുൻഗണന നൽകിയിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
ഈ മേഖലയിൽ 300 മൈലിലധികം ദൂരത്തിൽ അതിർത്തി മതിലും റോഡുകളും നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ട്രംപ് ഭരണകൂടം. ‘അനധികൃത കടന്നുകയറ്റം’ കൂടുതലുള്ള പ്രദേശങ്ങളിൽ വേഗത്തിലുള്ള നിർമ്മാണം ഉറപ്പാക്കുന്നതിനായി നിയമപരമായ എല്ലാ ആവശ്യകതകളും ഒഴിവാക്കാൻ സർക്കാരിന് അധികാരം നൽകുന്ന ഫെഡറൽ നിയമപ്രകാരമാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ചരിത്രപരമായ സംരക്ഷണം, പരിസ്ഥിതി, നേറ്റീവ് അമേരിക്കൻ അവശിഷ്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഒഴിവാക്കിയത്.














