ശക്തമായ പ്രതിരോധം! സൈനിക നടപടി നടപ്പാക്കിയതിന്റെ പേരിൽ ഇംപീച്ച് ചെയ്യാനാകില്ല; പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്

വാഷിങ്ടൺ: നിയമാനുസൃതമായ സൈനിക നടപടികൾ നടപ്പാക്കിയതിന്റെ പേരിൽ തന്നെ ഇംപീച്ച് ചെയ്യാനാകില്ലെന്ന് യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ഇറാൻ യുദ്ധം കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് തനിക്കെതിരേ നടക്കുന്ന ഇംപീച്ച്‌മെന്റ് നീക്കത്തെ പ്രതിരോധിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇംപീച്ച്‌മെന്റ് നീക്കത്തിലൂടെ അമേരിക്ക സ്വന്തം സൈനികരെ ശിക്ഷിക്കുന്നുവെന്ന സന്ദേശമാണ് രാജ്യത്തിന്റെ ശത്രുക്കൾക്ക് ലഭിക്കുകയെന്ന് ഹെഗ്‌സെത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മേയ് മാസത്തിനുശേഷം ആദ്യമായാണ് അദ്ദേഹം മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നത്.

നിയമാനുസൃതവും വിജയകരവുമായ സൈനിക നടപടി നടത്തിയതിന്റെ പേരിൽ അമേരിക്ക സ്വന്തം സൈനികരെയും നേതൃത്വത്തെയും ശിക്ഷിക്കുകയാണെന്ന സന്ദേശമാണ് തന്നെ പുറത്താക്കാനുള്ള നീക്കം ശത്രുക്കൾക്ക് നൽകുകയെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ റിപ്പബ്ലിക്കിന്റെ 250 വർഷത്തെ ചരിത്രത്തിൽ നിയമാനുസൃതമായ സൈനിക നടപടികൾ നടപ്പാക്കിയതിന്റെ പേരിൽ ഒരു യുദ്ധകാര്യ സെക്രട്ടറിയോ പ്രതിരോധ സെക്രട്ടറിയോ ഇംപീച്ച്‌മെന്റ് നടപടികൾ നേരിട്ടിട്ടില്ലെന്നും ഹെഗ്‌സെത്ത് കൂട്ടിച്ചേർത്തു.

സ്ഥാനമൊഴിയുന്ന റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി തോമസ് മസ്സിയാണ് ഹെഗ്‌സെത്തിനെതിരായ ഇംപീച്ച്‌മെന്റ് നടപടിക്ക് തുടക്കമിട്ടത്. കെന്റക്കിയിൽനിന്നുള്ള പ്രതിനിധിയായ മസ്സി, ഇറാൻ യുദ്ധം കൈകാര്യം ചെയ്ത രീതിയുമായി ബന്ധപ്പെട്ടാണ് നീക്കം നടത്തുന്നത്.

അതൃപ്തനും പരാജിതനുമായ ഒരു കോൺഗ്രസ് പ്രതിനിധി നടത്തുന്ന വ്യക്തിപരമായ ആക്രമണമാണിതെന്ന് മസ്സിയെ ലക്ഷ്യമിട്ട് ഹെഗ്‌സെത്ത് പ്രതികരിച്ചു. ഇതൊരു പ്രഹസനമാണെന്നും അത് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

റൊണാൾഡ് റീഗന്റെ ഭരണകാലത്ത് ലെബനനിലും ബിൽ ക്ലിന്റണിന്റെ കാലത്ത് കൊസോവോയിലും ബരാക് ഒബാമയുടെ ഭരണകാലത്ത് ഇറാഖിലും സിറിയയിലും നടന്ന സൈനിക നടപടികളും ഇതേ മേഖലകളിൽ ജോ ബൈഡന്റെ ഭരണകാലത്ത് നടന്ന സൈനിക നടപടികളും ഹെഗ്‌സെത്ത് പരാമർശിച്ചു.

More Stories from this section

family-dental
witywide