
ന്യൂ ഓർലിയൻസ്: അമേരിക്കയിൽ ഗർഭച്ഛിദ്രത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന മിഫെപ്രിസ്റ്റോൺ എന്ന ഗുളിക ടെലിഹെൽത്ത് വഴിയും തപാൽ വഴിയും വിതരണം ചെയ്യുന്നത് തടഞ്ഞുകൊണ്ട് അപ്പീൽ കോടതി ഉത്തരവിട്ടു. ലൂസിയാനയിലെ അഞ്ചാം സർക്യൂട്ട് അപ്പീൽ കോടതിയുടേതാണ് ഈ നിർണ്ണായക വിധി. ഇതോടെ ഫാർമസികൾ വഴിയുള്ള നേരിട്ടുള്ള വിതരണത്തിനും താൽക്കാലിക തടസ്സമുണ്ടാകും.
ബൈഡൻ ഭരണകൂടം 2023-ൽ ഏർപ്പെടുത്തിയ ഇളവുകൾ റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഡോക്ടറെ നേരിട്ട് കാണാതെ തന്നെ ഓൺലൈൻ കൺസൾട്ടേഷൻ വഴി മരുന്ന് ലഭ്യമാക്കാൻ ബൈഡൻ ഭരണകൂടം അനുമതി നൽകിയിരുന്നു. എന്നാൽ, നിലവിലെ സ്റ്റേ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ പഴയ കർശന നിയന്ത്രണങ്ങൾ വീണ്ടും നിലവിൽ വരും.
ലൂസിയാന അറ്റോർണി ജനറൽ ലിസ് മുറിൽ ഉൾപ്പെട്ട സംഘമാണ് കേസ് ഫയൽ ചെയ്തത്. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് കോടതി തീരുമാനമെന്ന് ഇവർ പ്രതികരിച്ചു. വിധി വന്നതോടെ വിഷയം വീണ്ടും യുഎസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തും. നേരത്തെ 2024-ൽ സമാനമായ ഒരു കേസ് സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു.
മിഫെപ്രിസ്റ്റോൺ സുരക്ഷിതമായ മരുന്നാണെന്നും ഇത്തരം നിയന്ത്രണങ്ങൾ ഗർഭച്ഛിദ്രം കൂടുതൽ ചെലവേറിയതും പ്രയാസകരവുമാക്കുമെന്നും റീപ്രൊഡക്റ്റീവ് റൈറ്റ്‌സ് സംഘടനകൾ ആരോപിക്കുന്നു. അബോർഷൻ വിരുദ്ധ സംഘടനകൾ ഈ വിധിയെ വലിയ വിജയമായി കാണുമ്പോൾ, ആരോഗ്യ രംഗത്തുള്ളവർ ഇതിനെ രോഗികളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമായിട്ടാണ് വിലയിരുത്തുന്നത്.
Nationwide ban on distribution of abortion pill mifepristone in US















