നെടുമ്പാശേരി മിനി കൂപ്പർ അപകടം: സുഹൈലിൻ്റെ അമ്മ നൂഹയുടെ മൊഴിയെടുക്കും

നെടുമ്പാശേരി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ നിർണായക നീക്കവുമായി അന്വേഷണസംഘം. അപകടമുണ്ടാക്കിയ ആഡംബര കാറിന്റെ ആർസി ഉടമയും മുഖ്യപ്രതി സുഹൈൽ സജീവിന്റെ അമ്മയുമായ നൂഹ സജീവിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. കേസിൽ വാഹന ഉടമ എന്ന നിലയിലാണ് നൂഹയെ ചോദ്യം ചെയ്യുന്നത്.

ഇതോടൊപ്പം, അപകടത്തിൽ കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ പാലക്കാട്ടെയും വയനാട്ടിലെയും വീടുകൾ സന്ദർശിച്ച് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

അന്വേഷണം സത്യസന്ധമായി നടക്കണമെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും നൂഹ സജീവ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെട്ടതിൽ തനിക്ക് അങ്ങേയറ്റം ദുഃഖമുണ്ട്. എന്നാൽ, അപകടത്തിന് പിന്നാലെ തങ്ങളുടെ കുടുംബത്തിന് നേരെ സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും നൂഹ അഭ്യർത്ഥിച്ചു.

അപകടസമയത്ത് കാറോടിച്ചിരുന്ന സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി കാക്കനാട് ലാബിൽ നടത്തിയ ശാസ്ത്രീയ രക്തപരിശോധനയിൽ സ്ഥിരീകരിച്ചു. അനുവദനീയമായ പരിധിയേക്കാൾ അഞ്ചിരട്ടിയിലധികം മദ്യമാണ് ഇയാളുടെ രക്തത്തിൽ ഉണ്ടായിരുന്നത്. പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച്, സുഹൈൽ ഉൾപ്പെടെ അറസ്റ്റിലായ നാല് പ്രതികളുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ശനിയാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

ഒക്ടോബർ 11-ന് പുലർച്ചെ നെടുമ്പാശേരി എയർപോർട്ട് റോഡിൽ സുഹൈൽ അമിതവേഗതയിൽ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചാണ് കൊച്ചിയിൽ ജോലി ചെയ്തിരുന്ന വിദ്യാർത്ഥികളായ ദേവിക, ഗോപിക, ഇയാസ് എന്നിവർ ദാരുണമായി കൊല്ലപ്പെട്ടത്. കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

Nedumbassery Mini Cooper accident: Statement to be recorded from Suhail’s mother, Nuha

More Stories from this section

family-dental
witywide