നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ച ഇത്രയും വലിയൊരു വിഷയത്തിൽ പരീക്ഷ റദ്ദാക്കി ദിവസങ്ങൾ പിന്നിട്ടിട്ടും പ്രധാനമന്ത്രി എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. രാജസ്ഥാനിലെ സിക്കറിൽ പരീക്ഷ റദ്ദാക്കിയതിലുള്ള മനോവിഷമത്താൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം ചൂണ്ടിക്കാട്ടി, വിദ്യാർത്ഥികളെ കൊലപ്പെടുത്തിയത് കേന്ദ്ര സർക്കാരാണെന്ന് രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. പരീക്ഷാ നടത്തിപ്പിലെ ഗുരുതര വീഴ്ചയുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അടിയന്തരമായി പദവിയിൽ നിന്ന് പുറത്താക്കണമെന്നും വിഷയം പാർലമെന്റിൽ ഉൾപ്പെടെ ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ചോദ്യപേപ്പർ ചോർച്ചാക്കേസിൽ ദേശീയ പരീക്ഷാ ഏജൻസിയിലെ (എൻടിഎ) അംഗങ്ങൾ തന്നെ അറസ്റ്റിലായതോടെ കേന്ദ്ര സർക്കാരും എൻടിഎയും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. ചോദ്യപേപ്പർ തയ്യാറാക്കാൻ എൻടിഎ നിയോഗിച്ച പാനലിലെ രസതന്ത്ര അധ്യാപകൻ പി.വി. കുൽക്കർണി, ബയോളജി അധ്യാപിക മനീഷാ ഗുരുനാഥ് എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. പൂനെയിലും നാസിക്കിലുമായി നേരത്തെ പിടിയിലായ പ്രതികൾക്ക് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇവരാണെന്ന് വ്യക്തമായതോടെ കള്ളൻ എൻടിഎയ്ക്കുള്ളിൽത്തന്നെയാണെന്ന് ഉറപ്പായി. എൻടിഎയിലെ ചില ഉന്നത ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ.
കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലേക്ക് ചോർച്ചയുടെ കണ്ണികൾ നീളുന്ന പശ്ചാത്തലത്തിൽ സിബിഐ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ചോദ്യങ്ങൾ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയവരെ കേന്ദ്രീകരിച്ചും ചില പ്രമുഖ കോച്ചിംഗ് സെന്ററുകളെ മുൻനിർത്തിയുമാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ പത്തനംതിട്ടയിലുള്ള ചില കേന്ദ്രങ്ങളിൽ സംസ്ഥാന ഇന്റലിജൻസ് പരിശോധന നടത്തി. കടുത്ത പ്രതിസന്ധിക്കിടെ എൻടിഎയുടെ ഘടനപരമായ മാറ്റത്തിനായി രണ്ട് ജോയിന്റ് സെക്രട്ടറിമാരെയും രണ്ട് ജോയിന്റ് ഡയറക്ടർമാരെയും കേന്ദ്ര സർക്കാർ പുതുതായി നിയമിച്ചിട്ടുണ്ട്.
NEET paper leak: Rahul Gandhi slams PM’s silence; NTA panel teachers arrested by CBI













