നേപ്പാളിലെ പ്രളയക്കെടുതിയിൽ മരണസംഖ്യ 270 കടന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു. കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ കേരളത്തിൽ നിന്നുള്ള 33 പേർ ഉൾപ്പെടെ 288 ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്. കാണാതായവരിൽ തമിഴ്‌നാട്ടിൽ നിന്നുള്ള 86 പേരും പശ്ചിമ ബംഗാളിൽ നിന്നുള്ള 32 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 61 പേരുമുണ്ട്. അതേസമയം, പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിയ തമിഴ്‌നാട്ടിൽ നിന്നുള്ള 21 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
തീർഥാടനത്തിന്റെ ഭാഗമായി ചൈനീസ് അതിർത്തിയിൽ നിലവിൽ ഇരുനൂറോളം ഇന്ത്യൻ പൗരന്മാർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതിൽ 95 പേർ ദാർച്ചനിലും ബാക്കിയുള്ളവർ ജിലോങ് മേഖലയിലുമാണുള്ളത്. ഇവരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി ബീജിങ്ങിലെ ഇന്ത്യൻ എംബസി ചൈനീസ് അധികൃതരുമായി ചേർന്ന് ശ്രമങ്ങൾ നടത്തുന്നുണ്ട്. കൂടാതെ, ഇഷ ഫൗണ്ടേഷനിൽ നിന്നുള്ള തീർഥാടകർ ഉൾപ്പെടുന്ന ഒരു വിഭാഗവുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ, സി-17 വിമാനങ്ങളിൽ ആകെ 47.5 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ കാഠ്മണ്ഡുവിൽ എത്തിച്ചിട്ടുണ്ട്. താൽക്കാലിക ഷെൽട്ടറുകൾ, കമ്പിളികൾ, ജനറേറ്ററുകൾ, മരുന്നുകൾ, ആഹാരസാധനങ്ങൾ എന്നിവയാണ് ഇന്ത്യ അയച്ചത്. ദുരന്തബാധിതരെ സഹായിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിലും കാഠ്മണ്ഡു, ബീജിങ് ഇന്ത്യൻ എംബസികളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്.
Nepal Floods: Death Toll Crosses 270; 288 Indians Including 33 Keralites Missing










