
ടെൽ അവീവ്: ഹമാസിനെ പൂർണമായും നിരായുധീകരിക്കുന്നതുവരെ ഗാസയിൽനിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആവശ്യമെങ്കിൽ ഇസ്രായേലിന്‍റെ ഏറ്റവും അടുത്ത സഖ്യകക്ഷികളെപ്പോലും എതിർക്കാൻ മടിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഇതോടെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയോട് ഇസ്രായേൽ എതിർപ്പ് പരസ്യമാക്കി.
ഗാസയിലെ ഹമാസിന്‍റെയും മറ്റ് സായുധ സംഘടനകളുടെയും സമ്പൂർണ നിരായുധീകരണം ലക്ഷ്യമിട്ടുള്ള കരാറിന് ധാരണയായതായി ട്രംപിന്റെ ബോർഡ് ഓഫ് പീസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. പദ്ധതി അംഗീകരിക്കുന്നതായി ഹമാസും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇസ്രായേൽ ആക്രമണങ്ങൾ പൂർണമായി അവസാനിപ്പിക്കുകയും ഗാസയിൽനിന്ന് സൈന്യത്തെ പിൻവലിക്കുകയും ചെയ്താൽ മാത്രമേ ആയുധങ്ങൾ കൈമാറുകയുള്ളൂവെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു.
ട്രംപ് സമാധാന പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന പദ്ധതി അംഗീകരിക്കില്ലെന്ന നിലപാട് നെതന്യാഹു വ്യക്തമാക്കിയത്. “ഹമാസിനെ യഥാർഥത്തിൽ നിരായുധീകരിക്കുന്നതുവരെ ഇസ്രായേൽ സൈന്യം യാതൊരു പിന്മാറ്റവും നടത്തില്ല. ഞങ്ങളുടെ സേനയ്ക്കും പൗരന്മാർക്കുമെതിരായ ഭീഷണികൾ തടയുന്നതിനുള്ള നടപടികൾ തുടരും,” നെതന്യാഹു പറഞ്ഞു.
ഹമാസിന് ഇപ്പോഴും ഇസ്രായേലിനെതിരെ ആക്രമണം നടത്താനുള്ള ശേഷിയുണ്ടെന്നും അതിനാലാണ് സൈനിക പിന്മാറ്റത്തിന് തയ്യാറാകാത്തതെന്നും നെതന്യാഹു വ്യക്തമാക്കി. ഹമാസ് ആക്രമണം നടത്തിയാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് അവർക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇറാനുമായുള്ള സംഘർഷത്തിൽ ട്രംപിനെ ശക്തമായി പിന്തുണയ്ക്കുന്ന നെതന്യാഹു, ഗാസയിലെ അദ്ദേഹത്തിന്റെ സമാധാന പദ്ധതിയെ തള്ളിയതും ശ്രദ്ധേയമായി. വരാനിരിക്കുന്ന ഇസ്രായേൽ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നെതന്യാഹുവിന്റെ നിലപാട് മാറ്റമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. ട്രംപിന്റെ നിലപാടുകൾക്ക് അനുസരിച്ചാണ് നെതന്യാഹു പ്രവർത്തിക്കുന്നതെന്ന ആഭ്യന്തര വിമർശനങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനം.
ട്രംപിനെ തന്റെ “വലിയ സുഹൃത്ത്” എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുന്നതിൽ അമേരിക്കയുമായുള്ള സഹകരണത്തെ താൻ ഏറെ വിലമതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “കരാറുണ്ടായാലും ഇല്ലെങ്കിലും, ഞാൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇറാന് ആണവായുധങ്ങൾ ഉണ്ടാകില്ല. ഇസ്രായേലിന്റെ സുരക്ഷയ്ക്കായി ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്യും. ആവശ്യമുള്ളപ്പോൾ ഏറ്റവും അടുത്ത സുഹൃത്തുക്കളെപ്പോലും എതിർക്കാനുള്ള കരുത്തും ഞങ്ങൾക്കുണ്ട്,” നെതന്യാഹു വ്യക്തമാക്കി.
ഗാസയിൽ വെടിനിർത്തൽ നിലവിലുണ്ടെന്ന സാഹചര്യത്തിലും ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് നെതന്യാഹുവിന്റെ പുതിയ നിലപാട്. ഹമാസിനെ പൂർണമായി നിരായുധീകരിക്കാതെ സൈനിക പിന്മാറ്റത്തിനോ സമാധാന കരാറിനോ തയ്യാറാകില്ലെന്ന ഇസ്രായേൽ നിലപാട് ഗാസയിലെ സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയും ഉയർത്തിയിട്ടുണ്ട്.












