
ജെറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രോസ്റ്റേറ്റ് ക്യാൻസറിന് രഹസ്യമായി ചികിത്സ തേടിയ വിവരം പുറത്തുവിട്ടു. തന്റെ വാർഷിക ആരോഗ്യ പരിശോധനാ റിപ്പോർട്ട് പരസ്യപ്പെടുത്തിയപ്പോഴാണ് 76-കാരനായ നെതന്യാഹു രോഗവിവരത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. ഇസ്രായേലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന നേതാവായ അദ്ദേഹം തനിക്ക് ക്യാൻസർ ബാധിച്ചതായി സമ്മതിക്കുന്നത് ഇതാദ്യമായാണ്.2024 ഡിസംബറിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കത്തെത്തുടർന്ന് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അന്ന് ഈ വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് പരസ്യപ്പെടുത്തിയിരുന്നെങ്കിലും തുടർപരിശോധനയിലാണ് പ്രോസ്റ്റേറ്റിൽ ഒരു സെന്റിമീറ്ററിൽ താഴെ മാത്രം വലിപ്പമുള്ള മാരകമായ ട്യൂമർ കണ്ടെത്തിയതെന്ന് നെതന്യാഹു ഇപ്പോൾ വ്യക്തമാക്കി. രോഗം നേരത്തെ തന്നെ കണ്ടെത്താൻ സാധിച്ചുവെന്നും മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടില്ലെന്നും പരിശോധിച്ച ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ കത്തുകളും അദ്ദേഹം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചു.”ദൈവത്തിന് നന്ദി, ഞാൻ ഇപ്പോൾ ആരോഗ്യവാനാണ്,” നെതന്യാഹു സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പ്രോസ്റ്റേറ്റുമായി ബന്ധപ്പെട്ട ചെറിയൊരു ആരോഗ്യപ്രശ്നമായിരുന്നുവെന്നും അത് പൂർണ്ണമായും ചികിത്സിച്ചു മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തന്റെ വാർഷിക മെഡിക്കൽ റിപ്പോർട്ട് പുറത്തുവിടാൻ രണ്ടു മാസത്തെ താമസം വരുത്തിയത് ഇറാൻ ഇത് ഒരു കുപ്രചരണമായി ഉപയോഗിക്കാതിരിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെതന്യാഹുവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വാർത്തകൾ ലോകശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.














