ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റ് മണ്ഡലമായ വാരാണസിയിൽ നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ (എൽ.സി.) തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി. വാരാണസിയിലെ ടീച്ചേഴ്സ്, ഗ്രാജ്വേറ്റ്സ് മണ്ഡലങ്ങളിൽ അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടി ജയം നേടി. ടീച്ചേഴ്സ് മണ്ഡലത്തിൽ എസ്.പി. സ്ഥാനാർഥി ലാൽ ബിഹാരി യാദവും ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ അശുതോഷ് സിൻഹയുമാണ് വിജയിച്ചത്. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിൽ ലഭിച്ച ഈ മേൽക്കൈ സമാജ്വാദി പാർട്ടിക്ക് വലിയ രാഷ്ട്രീയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
വിജയത്തിന് പിന്നാലെ പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ പ്രശംസിച്ച് ലാൽ ബിഹാരി യാദവ് രംഗത്തെത്തി. ഉത്തർപ്രദേശിലെ മുഴുവൻ മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാൻ സമാജ്വാദി പാർട്ടി ശക്തമാണെന്നും, ജനങ്ങൾക്ക് അഖിലേഷ് യാദവിനോടുള്ള വിശ്വാസമാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമായതെന്നും അദ്ദേഹം പ്രതികരിച്ചു. 2027-ൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികൾക്ക് ഏറെ നിർണായകമായാണ് ഈ കൗൺസിൽ തിരഞ്ഞെടുപ്പ് ഫലങ്ങളെ കണക്കാക്കുന്നത്.
അതേസമയം, സംസ്ഥാനത്തെ ആകെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബി.ജെ.പിക്കാണ് മേൽക്കൈ ഉള്ളത്. ലഖ്നൗ ടീച്ചേഴ്സ്, മീററ്റ്-സഹാറൻപൂർ ടീച്ചേഴ്സ്, ബറേലി-മൊറാദാബാദ് ടീച്ചേഴ്സ്, മീററ്റ്-സഹാറൻപൂർ ഗ്രാജ്വേറ്റ്സ് മണ്ഡലങ്ങളിൽ ബി.ജെ.പി. വിജയം ഉറപ്പിച്ചു. എന്നാൽ വാരാണസിക്ക് പുറമെ ആഗ്ര സീറ്റിലും സമാജ്വാദി പാർട്ടി വിജയം കണ്ടത് ബി.ജെ.പി ക്യാമ്പിന് തിരിച്ചടിയായി.
Setback for BJP in PM Modi’s Varanasi: Samajwadi Party Wins Legislative Council Seats










