ഉത്തർപ്രദേശിൽ 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്ന് യോഗി ആദിത്യനാഥ്, വിചിത്ര വാദം വിവാദത്തിൽ; പരാജയഭീതിയെന്ന് സമാജ്‌വാദി പാർട്ടി

ലഖ്‌നൗ: ഉത്തർപ്രദേശിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികൾക്കിടെ 1.27 കോടി ഹിന്ദു വോട്ടർമാരെ ബോധപൂർവ്വം ഒഴിവാക്കിയെന്ന വിചിത്ര ആരോപണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നുഴഞ്ഞുകയറ്റക്കാരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുകയും ഹിന്ദുക്കളെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കുകയും ചെയ്തുവെന്നാണ് യോഗി കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് വിഷയത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും വോട്ടർമാരെ ഒഴിവാക്കിയതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും യോഗി ആവർത്തിച്ചു.

അതേസമയം, തോൽവി ഭയന്നാണ് യോഗി ആദിത്യനാഥ് ഇത്തരമൊരു വിചിത്രമായ വാദം ഉന്നയിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി പ്രതികരിച്ചു. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ നേരിട്ട് ഇടപെട്ട് നടത്തിയ എസ്‌.ഐ.ആർ പ്രക്രിയയിൽ ആരാണ് ഗൂഢാലോചന നടത്തിയതെന്ന് യോഗി വ്യക്തമാക്കണമെന്ന് സമാജ്‌വാദി പാർട്ടി ആവശ്യപ്പെട്ടു. ന്യൂനപക്ഷ വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഭരണപക്ഷം ഇത്തരം പ്രചാരണങ്ങൾ അഴിച്ചുവിടുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

രാജ്യത്തുടനീളം എസ്‌.ഐ.ആറിലൂടെ 13 കോടി വോട്ടർമാരെ ഒഴിവാക്കിയതായും ഇതിൽ 3 കോടിയോളം പേർ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹരിയാനയിലും തെലങ്കാനയിലും ന്യായീകരിക്കുമ്പോഴാണ് ഉത്തർപ്രദേശിൽ ഹിന്ദുക്കളാണ് ഒഴിവാക്കപ്പെട്ടതെന്ന വാദവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തുന്നത്. ഉത്തർപ്രദേശിൽ അന്തിമ പട്ടിക വന്നപ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ രണ്ട് കോടിയുടെ കുറവുണ്ടായിട്ടുണ്ട്. മരിച്ച 40 ലക്ഷം പേരൊഴികെ ബാക്കി ഒഴിവാക്കപ്പെട്ടവരിൽ 1.27 കോടി പേർ ഹിന്ദുക്കളാണെന്നാണ് യോഗിയുടെ അവകാശവാദം. എന്നാൽ മതം തിരിച്ചുള്ള കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടാതിരിക്കെ യോഗിക്ക് ഈ വിവരങ്ങൾ എവിടെ നിന്ന് ലഭിച്ചുവെന്നും പ്രതിപക്ഷം ചോദിക്കുന്നു.

യോഗി ആദിത്യനാഥിന്റെ ആരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല. എസ്‌.ഐ.ആറിന് ശേഷം ഉത്തർപ്രദേശിലെ മുസ്ലിം വോട്ടർമാരുടെ എണ്ണത്തിൽ 1.85 ശതമാനം വർദ്ധനവുണ്ടായതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ എസ്‌.ഐ.ആർ പൂർത്തിയായ എല്ലാ സംസ്ഥാനങ്ങളിലും സാധാരണ വോട്ടർ പട്ടിക പുതുക്കൽ ആരംഭിച്ചിട്ടുണ്ടെന്നും ഒഴിവാക്കപ്പെട്ടവർക്ക് തിരികെ പേര് ചേർക്കാൻ അപേക്ഷ നൽകാവുന്നതാണെന്നും കമ്മീഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Yogi Adityanath Claims 1.27 Crore Hindu Voters Excluded in UP; Samajwadi Party Terms It Fear of Defeat

More Stories from this section

family-dental
witywide