
വാഷിംഗ്ടൺ: അമേരിക്കയിലേക്ക് കുടിയേറാൻ കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും കടുത്ത തിരിച്ചടിയായി യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൻ്റെ (യു.എസ്.സി.ഐ.എസ്) പുതിയ ഗ്രീൻ കാർഡ് പരിഷ്കാരം. യു.എസിനുള്ളിൽ വെച്ച് ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്ന ‘അഡ്ജസ്റ്റ്മെൻ്റ് ഓഫ് സ്റ്റാറ്റസ്’ രീതി ജൂലൈ 10 മുതൽ ഒരു സാധാരണ അവകാശമല്ലെന്നും, അത് ഭരണപരമായ ഒരു ഔദാര്യം (Act of Grace) മാത്രമായിരിക്കുമെന്നും യു.എസ് അധികൃതർ വ്യക്തമാക്കി. പുതിയ കർശന നിയന്ത്രണം പ്രാബല്യത്തിൽ വരുന്നതോടെ, എച്ച്-1ബി വിസയിലുള്ള ഐടി ജീവനക്കാരും ഉപരിപഠനത്തിനെത്തിയ വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള ഇന്ത്യൻ അപേക്ഷകർ ഗ്രീൻ കാർഡ് നടപടികൾക്കായി സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ്.
പുതിയ നിയമപ്രകാരം അപേക്ഷകരിൽ ഭൂരിഭാഗം പേർക്കും യു.എസിനുള്ളിൽ വെച്ച് ഗ്രീൻ കാർഡ് നടപടികൾ പൂർത്തിയാക്കാൻ സാധിക്കില്ല. ഇവർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോയി അവിടെയുള്ള യു.എസ് കോൺസുലേറ്റുകൾ വഴി മാത്രമേ ഗ്രീൻ കാർഡ് അപേക്ഷകൾ സമർപ്പിക്കേണ്ടി വരികയുള്ളൂ. യു.എസിനുള്ളിൽ തുടർന്ന് അപേക്ഷ സമർപ്പിക്കണമെങ്കിൽ അതിനായി മതിയായതും അസാധാരണവുമായ കാരണങ്ങൾ അപേക്ഷകർ ബോധിപ്പിക്കേണ്ടി വരും. അല്ലാത്തപക്ഷം അപേക്ഷകൾ നേരിട്ട് നിരസിക്കപ്പെടാനാണ് സാധ്യത. യു.എസിനുള്ളിൽ വെച്ച് ഗ്രീൻ കാർഡ് നൽകണോ വേണ്ടയോ എന്നത് പൂർണ്ണമായും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തിന് വിധേയമായിരിക്കും.
രാജ്യത്തിന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്നവർക്കും, ദേശീയ താത്പര്യങ്ങൾ മുൻനിർത്തിയുള്ള പ്രത്യേക വിഭാഗങ്ങളിൽ വരുന്നവർക്കും ഈ കർശന നിയമത്തിൽ ചില ഇളവുകൾ നൽകിയേക്കുമെന്ന് യു.എസ് അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്. ഈ പരിഷ്കാരം താൽക്കാലിക വിസകളിൽ യു.എസിൽ തുടരുന്ന ജീവനക്കാരെയും വിദ്യാർത്ഥികളെയും അവരുടെ ആശ്രിതരെയും പ്രതികൂലമായി ബാധിച്ചേക്കാം. ഗ്രീൻ കാർഡ് നടപടികൾക്കായി സ്വന്തം രാജ്യം വിട്ടുപോയാൽ, പിന്നീട് അമേരിക്കയിലേക്ക് തിരിച്ചുവരുന്നതിന് നിയമപരമായ വിലക്കോ മറ്റ് തടസ്സങ്ങളോ നേരിടേണ്ടി വരുമോ എന്ന വലിയ ഭീതിയിലാണ് പ്രവാസി സമൂഹം.
അമേരിക്കയിൽ ഒരു വിദേശിക്ക് നിയമപരമായി സ്ഥിരതാമസമാക്കാനും വിസ സ്പോൺസർഷിപ്പ് കൂടാതെ ഏത് കമ്പനിയിലും ജോലി ചെയ്യാനും അനുവാദം നൽകുന്ന ഔദ്യോഗിക രേഖയാണ് ഗ്രീൻ കാർഡ്. ‘പെർമനൻ്റ് റസിഡൻ്റ് കാർഡ്’ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ രേഖ, ആദ്യകാലങ്ങളിൽ ഇതിൻ്റെ നിറം പച്ചയായിരുന്നതിനാലാണ് ‘ഗ്രീൻ കാർഡ്’ എന്ന പേരിൽ പ്രശസ്തമായത്. യു.എസ് പൗരന്മാരായ പങ്കാളി അല്ലെങ്കിൽ അടുത്ത ബന്ധുക്കൾ വഴിയുള്ള കുടുംബ സ്പോൺസർഷിപ്പ്, എച്ച്-1ബി വിസ പോലുള്ള താൽക്കാലിക തൊഴിൽ വിസകൾ വഴിയുള്ള കമ്പനി സ്പോൺസർഷിപ്പ്, കൂടാതെ പ്രത്യേക ഇമിഗ്രേഷൻ ലോട്ടറി സംവിധാനങ്ങൾ എന്നിവയിലൂടെയാണ് പ്രധാനമായും വിദേശികൾക്ക് ഗ്രീൻ കാർഡ് ലഭിക്കുന്നത്. യു.എസ് പൗരത്വത്തിലേക്കുള്ള ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ ചുവടുവെപ്പാണ് ഗ്രീൻ കാർഡ്. ഗ്രീൻ കാർഡ് ലഭിച്ച് സാധാരണയായി അഞ്ച് വർഷം യു.എസിൽ നിയമപരമായി താമസിച്ചതിന് ശേഷം ഒരു വ്യക്തിക്ക് പൂർണ്ണ യു.എസ് പൗരത്വത്തിനായി അപേക്ഷിക്കാവുന്നതാണ്. എന്നാൽ യു.എസ് പൗരന്മാരെപ്പോലെ വോട്ട് ചെയ്യാനുള്ള അവകാശമോ യു.എസ് പാസ്‌പോർട്ടോ ഗ്രീൻ കാർഡ് ഉടമകൾക്ക് ലഭിക്കില്ല; അവർ സ്വന്തം രാജ്യത്തെ പാസ്‌പോർട്ട് തന്നെയാണ് യാത്രകൾക്കായി ഉപയോഗിക്കേണ്ടത്. കൂടാതെ അനാവശ്യമായി ദീർഘകാലം അമേരിക്കയ്ക്ക് പുറത്ത് താമസിച്ചാൽ ഈ കാർഡ് റദ്ദാക്കപ്പെടാനുള്ള സാധ്യതയുമുണ്ട്.
New restrictions on green card applications in the US from tomorrow, US officials say ‘adjustment of status’ is no longer a right, but only a privilege














