ഡെലിവറി തൊഴിലാളികളെ ചൂഷണം ചെയ്തു; ‘മോട്ടോക്ലിക്ക്’ ആപ്പ് നിരോധിക്കാൻ ന്യൂയോർക്ക് മേയറുടെ നീക്കം

ന്യൂയോർക്ക്: നഗരത്തിലെ പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ ‘മോട്ടോക്ലിക്ക്’ നിരോധിക്കാൻ ന്യൂയോർക്ക് സിറ്റി ഭരണകൂടം നിയമനടപടി തുടങ്ങി. ഡെലിവറി തൊഴിലാളികൾക്ക് സിറ്റി നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ വേതനത്തിൻ്റെ നാലിലൊന്ന് പോലും കമ്പനി നൽകുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മേയർ സൊഹ്റാൻ മംദാനിയുടെ നേതൃത്വത്തിൽ ശക്തമായ നടപടിക്ക് തുടക്കമിട്ടത്.

തൊഴിലാളികൾക്ക് ലഭിക്കേണ്ട മണിക്കൂറിൽ 22.13 ഡോളർ (ഏകദേശം 1,850 രൂപ) എന്ന നിയമപരമായ കുറഞ്ഞ വേതനം നൽകാൻ തയ്യാറാകാത്ത പക്ഷം, മോട്ടോക്ലിക്കിൻ്റെ മാതൃ കമ്പനിയായ ‘പാറ്റിയോ ഡെലിവറി ഇൻക്’ , അതിൻ്റെ ഏജൻ്റുമാർ എന്നിവരെ നഗരത്തിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സിറ്റി അധികൃതർ ഫെഡറൽ കോടതിയെ അറിയിച്ചു. ഇതിനായി കോടതിയിൽ നിന്ന് താൽക്കാലിക നിരോധന ഉത്തരവ് സമ്പാദിക്കാനാണ് സിറ്റിയുടെ നീക്കം. ഡെലിവറി തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കൺസ്യൂമർ ആൻഡ് വർക്കർ പ്രൊട്ടക്ഷൻ ഇത്തരമൊരു കടുത്ത നടപടി സ്വീകരിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്.

തൊഴിലാളികൾക്ക് നൽകാനുള്ള ദശലക്ഷക്കണക്കിന് ഡോളറിൻ്റെ കുടിശ്ശികയും നഷ്ടപരിഹാരവും ഈടാക്കാനായി ഈ വർഷം ജനുവരിയിലാണ് സിറ്റി ഭരണകൂടം മോട്ടോക്ലിക്കിനെതിരെ കോടതിയെ സമീപിച്ചത്. നിയമപ്രകാരം ഡെലിവറി ആപ്പുകൾ എല്ലാ മാസവും തങ്ങളുടെ വേതന വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കേണ്ടതുണ്ട്. കമ്പനി സമർപ്പിച്ച റിപ്പോർട്ടുകൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ചൂഷണത്തിൻ്റെ വിവരങ്ങൾ പുറത്തുവന്നത്.

കഴിഞ്ഞ ഏപ്രിലിലെ ഒരൊറ്റ ആഴ്ചയിൽ മാത്രം തൊഴിലാളികൾക്ക് 172,010.67 ഡോളറിൻ്റെ ശമ്പളക്കുറവ് വരുത്തിയതായി കണ്ടെത്തി. കൂടാതെ മെയ് മാസത്തിൽ മണിക്കൂറിൽ വെറും $3.67 മുതൽ $4.67 വരെ മാത്രമാണ് കമ്പനി തൊഴിലാളികൾക്ക് നൽകിയത്. ഇത് നിയമപരമായ തുകയുടെ വളരെ ചെറിയൊരു ശതമാനം മാത്രമാണ്. കൂടാതെ തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് നിയമവിരുദ്ധമായി പണം വെട്ടിക്കുറച്ചതായും കണ്ടെത്തിയിട്ടുണ്ട്.

തൊഴിലാളികൾക്ക് ഇത്രയും കുറഞ്ഞ വേതനം നൽകുന്നത് തെറ്റും നിയമവിരുദ്ധവുമാണെന്ന് ഡി.സി.ഡബ്ല്യു.പി കമ്മീഷണർ സാമുവൽ എ.എ. ലെവിൻ വ്യക്തമാക്കി. കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കമ്പനികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് കോർപ്പറേഷൻ കൗൺസൽ സ്റ്റീവ് ബാങ്ക്സും അറിയിച്ചു. മോട്ടോക്ലിക്ക് കമ്പനിയും അതിൻ്റെ സിഇഒ യുവാൻ പാബ്ലോ സലീനാസ് സലേക്കും ചേർന്ന് നടത്തിയ ഈ വലിയ നിയമലംഘനത്തിനെതിരെ ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്റ്റ് ഫെഡറൽ കോടതിയിലാണ് നിലവിൽ കേസ് നടക്കുന്നത്.

ഡെലിവറി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ന്യൂയോർക്ക് നഗരം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും, ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികൾക്ക് https://nyc.gov/workers എന്ന വെബ്‌സൈറ്റ് വഴി പരാതികൾ സമർപ്പിക്കാമെന്നും അധികൃതർ അറിയിച്ചു.

New York mayor moves to ban ‘MotoClick’ app for exploiting delivery workers

More Stories from this section

family-dental
witywide