മഡൂറെയെ വരിഞ്ഞുമുറുക്കി യുഎസ്, പുതിയ കുറ്റങ്ങൾ ചുമത്തി; ഭാര്യയ്ക്കുമെതിരെ പീഡനക്കുറ്റം ചുമത്തി ഫെഡറൽ പ്രോസിക്യൂട്ടർമാർ

ന്യൂയോർക്ക്: വെനസ്വേലൻ മുൻ പ്രസിഡന്റ് നികോളാസ് മഡുറോയ്ക്കും ഭാര്യ സിലിയ ഫ്ലോറസിനും എതിരെ അധിക കുറ്റങ്ങൾ ചുമത്തി ഫെഡറൽ പ്രോസിക്യൂട്ടർമാർ പുതിയ കുറ്റപത്രം സമർപ്പിച്ചു. ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് കോടതിയിലാണ് പുതിയ സൂപ്പർസീഡിങ് കുറ്റപത്രം ഫയൽ ചെയ്തത്. പീഡനം നടത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ പുതുതായി ചേർത്തിട്ടുള്ളത്.
വെനസ്വേലൻ സർക്കാരിന്റെ കസ്റ്റഡിയിലായിരുന്ന വേളയിൽ പത്തോളം അമേരിക്കൻ പൗരന്മാരെ മഡുറോ ഭരണകൂടം അതിക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയതായി എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി.

മയക്കുമരുന്ന് ഉപയോഗം, വൈദ്യുതാഘാതം ഏൽപ്പിക്കൽ, ലൈംഗികാതിക്രമം തുടങ്ങി സമാനതകളില്ലാത്ത പീഡനങ്ങളാണ് ഇവർ നേരിട്ടതെന്നും കുറ്റകൃത്യങ്ങൾക്ക് ഇവർ നിയമത്തിന് മുന്നിൽ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മയക്കുമരുന്ന് കടത്ത് ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കുകളുടെയും സ്ഫോടക വസ്തുക്കളുടെയും കൈവശം വെക്കൽ തുടങ്ങി നിരവധി ഗുരുതരമായ കുറ്റങ്ങൾ ഇവർക്കെതിരെ ഇതിനകം തന്നെ നിലവിലുണ്ട്. വെനസ്വേലയിലെ ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനും അധികാരം നിലനിർത്തുന്നതിനും വേണ്ടി രാജ്യത്തെ സൈന്യത്തെയും രഹസ്യാന്വേഷണ വിഭാഗങ്ങളെയും സുരക്ഷാ സേനയെയും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന ഭരണസംവിധാനമാണ് മഡുറോ നടപ്പിലാക്കിയതെന്ന് 30 പേജുള്ള പുതിയ കുറ്റപത്രത്തിൽ പറയുന്നു.

രാഷ്ട്രീയ എതിരാളികൾക്കെതിരെയുള്ള അതിക്രമങ്ങൾ, ഏകപക്ഷീയമായ തടവിലാക്കലുകൾ, തടവുകാരെ പീഡിപ്പിക്കൽ എന്നിവയിലൂടെയാണ് ഇവർ ഭരണം നിലനിർത്തിയത്. വൈദ്യുതാഘാതം, ശ്വാസം മുട്ടിക്കൽ, ബലാത്സംഗം, നഗ്നരാക്കൽ, ദീർഘനേരം ഏകാന്തവാസത്തിൽ അടയ്ക്കൽ, പട്ടിണിക്കിടൽ, കുട്ടികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള മാനസിക പീഡനങ്ങൾ എന്നിവ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.

ആയിരക്കണക്കിന് ടൺ കൊക്കെയ്ൻ അമേരിക്കയിലേക്ക് കടത്തുന്നതിനും തങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഭരണകൂടത്തിലെ ഉന്നതർക്കും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനുമുള്ള പദ്ധതികൾക്ക് നേതൃത്വം നൽകിയെന്ന കേസിൽ കഴിഞ്ഞ ജനുവരിയിലാണ് ഫെഡറൽ ഗ്രാൻഡ് ജൂറി ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് യു.എസ് സൈന്യം പ്രത്യേക ഓപ്പറേഷനിലൂടെ ഇവരെ കസ്റ്റഡിയിലെടുത്ത് അമേരിക്കയിലെത്തിക്കുകയായിരുന്നു. പ്രാരംഭ കുറ്റങ്ങളിൽ ഇവർ കുറ്റം നിഷേധിച്ചിരുന്നു. തടവിലാക്കപ്പെട്ട രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കാൻ മഡുറോ നേരിട്ട് ഉത്തരവിട്ടിരുന്നുവെന്നും, ചോദ്യം ചെയ്യലുകളുടെ പുരോഗതി കൃത്യമായി വിലയിരുത്തി ക്രൂരതകൾ വർദ്ധിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നുവെന്നും പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു.

More Stories from this section

family-dental
witywide