
ന്യൂയോർക്ക്: സൗഹൃദ ഫുട്ബോൾ മത്സരത്തിനിടെ കാലിന് പരിക്കേറ്റ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാകും. കഴിഞ്ഞ വ്യാഴാഴ്ച സിറ്റി ഹാൾ മാധ്യമപ്രവർത്തകരുടെ ടീമിനെതിരെ നടന്ന മത്സരത്തിനിടെയാണ് മേയറുടെ വലതുകാലിന് പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് ഏതാനും ദിവസത്തേക്ക് വിശ്രമം വേണ്ടിവരുമെന്നും തിങ്കളാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. ജീവിതത്തിലെ ആദ്യത്തെ ശസ്ത്രക്രിയയായതിനാൽ തനിക്ക് അല്പം ഭയമുണ്ടെന്നും മംദാനി വ്യക്തമാക്കി.
ശസ്ത്രക്രിയ നടക്കുന്ന സമയത്ത് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ഫസ്റ്റ് ഡെപ്യൂട്ടി മേയർ ഡീൻ ഫുലീഹാൻ താൽക്കാലികമായി മേയറുടെ ചുമതല വഹിക്കും. പരിക്കേറ്റതിനെത്തുടർന്ന് വലതുകാലിൽ പ്രത്യേക ബൂട്ട് ധരിച്ച് ക്രച്ചസിന്റെ സഹായത്തോടെയാണ് മംദാനി നിലവിൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്നത്.
കളത്തിലിറങ്ങുന്നതിന് മുൻപ് ശരീരം ‘സ്ട്രെച്ച്’ ചെയ്യാതിരുന്നതാണ് പരിക്കിന് കാരണമായതെന്ന് മേയർ പറഞ്ഞു. മത്സരത്തിൽ ഒരു ഗോൾ നേടിയതിന് തൊട്ടുപിന്നാലെയാണ് ടെൻഡോണിന് പരിക്കേറ്റത്. “എനിക്ക് 35 വയസ്സായ കാര്യം ഞാൻ മറന്നുപോയി” എന്നായിരുന്നു പരിക്കിനെക്കുറിച്ച് മേയറുടെ തമാശരൂപേണയുള്ള പ്രതികരണം.
Leg injury during a football game; New York Mayor to undergo surgery on Friday; Mamdani admits to being fearful.















