നിതിൻ രാജിൻ്റെ മരണം: ലോൺ ആപ്പ് ഭീഷണി മുഴക്കിയവർ നോയിഡയിൽ നിന്ന് പിടിയിൽ, തട്ടിപ്പിൻ്റെ ‘സിം ബോക്സ്’ രഹസ്യവും പൊളിച്ച് പൊലീസ്

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബി.ഡി.എസ് ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ലോൺ ആപ്പ് മാഫിയ സംഘം പിടിയിൽ. നോയിഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഉത്തർപ്രദേശ് സ്വദേശികളായ ഋഷികേഷ് തിവാരി (32), പ്രശാന്ത് ഖേവൽ (28), ഹരിയാന സ്വദേശി പ്രകാശ് ജയ് (54)എന്നിവരെയാണ് കണ്ണൂർ സിറ്റി സൈബർ പൊലീസ് പിടികൂടിയത്.

നോയിഡ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ആളുകളെ ഭീഷണിപ്പെടുത്താനായി പ്രതികൾ ഫോണുകൾക്ക് പകരം അത്യാധുനിക ‘സിം ബോക്സുകളാണ്’ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഒരേസമയം 30 സിം കാർഡുകൾ വരെ പ്രവർത്തിപ്പിക്കാൻ കഴിയുന്നവയായിരുന്നു ഈ ഉപകരണങ്ങൾ. ഇവ ഉപയോഗിച്ച് ഇൻ്റർനെറ്റ് വഴി കോളുകൾ ചെയ്താണ് ഇവർ ഇരകളെ വേട്ടയാടിയിരുന്നത്. സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരായ പ്രധാന പ്രതികളെ പിടികൂടിയതിനൊപ്പം നിരവധി സിം ബോക്സുകളും സിം കാർഡുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

നിതിൻ രാജ് എടുത്ത ചെറിയ തുകയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ‘ഇൻസ്റ്റൻ്റ് ഫണ്ട്സ്’ എന്ന ആപ്പ് വഴി പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസം മാത്രം നൂറോളം തവണയാണ് ഈ സംഘം നിതിനെ വിളിച്ചത്. കോളജിലെ അധ്യാപിക നൽകിയ പരാതിയിലാണ് നടപടി. നിതിൻ രാജ് ലോൺ ആപ്പ് വഴി പണം വായ്പയെടുക്കുകയും തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് റഫറൻസ് എന്ന രീതിയിൽ നൽകിയിരുന്ന അധ്യാപികയുടെ ഫോൺ നമ്പരിലേക്ക് നിരന്തരം കോളുകളും മെസേജുകളും വരികയുമായിരുന്നു.

പ്രതികൾ കോൺടാക്ട് ചെയ്ത നമ്പറുകൾ എല്ലാം സ്വിച്ച് ഓഫ് ആയെങ്കിലും സജീവമായ ഒരു നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ നോയിഡയിലുണ്ടെന്ന് മനസിലാക്കി പൊലീസ് അങ്ങോട്ട് തിരിക്കുകയായിരുന്നു.

അതേസമയം, കോളജിലെ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ ജാതി അധിക്ഷേപവും ലോൺ ആപ്പ് വഴിയുള്ള ഭീഷണിയുമാണ് നിതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. കേസിൽ ആരോപണവിധേയരായ രണ്ട് അധ്യാപകർ നിലവിൽ ഒളിവിലാണ്. പിടിയിലായ ലോൺ ആപ്പ് സംഘത്തെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ വലിയൊരു സൈബർ തട്ടിപ്പ് ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

Nitin Raj’s death: Those who made loan app threats arrested from Noida

More Stories from this section

family-dental
witywide