കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിന് കനത്ത തിരിച്ചടി. കേസിൽ മുൻകൂർ ജാമ്യം തേടി റാം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. നേരത്തെ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയും റാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്ക് ആശ്വാസമൊന്നും നൽകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതിയുടെയും സുപ്രധാന ഉത്തരവുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ 10-നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. ഡെന്റൽ അനാട്ടമി വകുപ്പ് മേധാവിയായ ഡോ. എം.കെ. റാം തനിക്കെതിരെ നിരന്തരം മാനസിക പീഡനം നടത്തുന്നുണ്ടെന്ന് നിതിന്‍ മരണത്തിന് മുൻപ് തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. കേസിൽ ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നീ രണ്ട് അധ്യാപകരാണ് പ്രതിപ്പട്ടികയിലുള്ളത്. നിതിന്റെ ആത്മഹത്യയെ തുടർന്ന് വിദ്യാർത്ഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വലിയ പ്രതിഷേധമാണ് കോളേജിനെതിരെ ഉയർന്നത്.
നിതിൻ രാജിന്റെ മരണത്തിൽ പ്രതികളായ അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹവിദ്യാർത്ഥികളും പോലീസിന് മുന്നിലെത്തിയിരുന്നു. വകുപ്പ് മേധാവി എം.കെ. റാം വിദ്യാർത്ഥികളെ മാനസികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചിരുന്നതായി മറ്റ് വിദ്യാർഥികൾ പോലീസിന് ഔദ്യോഗിക മൊഴി നൽകിയിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടർന്ന് കോളേജ് മാനേജ്‌മെന്റ് ഡോ. എം.കെ. റാമിനെയും ഡോ. സംഗീത നമ്പ്യാരെയും തൽസ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു.
Nithin Raj Suicide Case: Kerala High Court Rejects Anticipatory Bail Plea of First Accused Dr M K Ram










