
ടെഹ്‌റാൻ: വാഷിംഗ്ടണുമായി നേരിട്ടുള്ള ചർച്ചകളൊന്നും നടക്കുന്നില്ലെങ്കിലും മേഖലാ തലത്തിൽ നയതന്ത്ര ഇടപെടലുകൾ സജീവമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി അറിയിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് ഇറാന്റെ പ്രതികരണം.
ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗദി അറേബ്യ, തുർക്കി, പാകിസ്താൻ തുടങ്ങിയ അയൽരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ സജീവ കൂടിയാലോചനകൾ നടത്തിവരികയാണ്. നിലവിൽ ഇറാഖ് സന്ദർശിക്കുന്ന അരാഗ്ച്ചിയും പ്രിൻസിപ്പൽ വക്താവ് ബഖായിയും ഒമാനുമായി നടത്തുന്ന ചർച്ചകൾക്ക് വലിയ പ്രാധാന്യമാണുള്ളത്. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതവും നിലവിലെ സുരക്ഷാ പ്രതിസന്ധികളുമാണ് ഒമാൻ-ഇറാൻ ചർച്ചകളിലെ പ്രധാന വിഷയം. കടലിടുക്ക് വീണ്ടും തുറക്കുന്നതും സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാൽ ചർച്ചകൾ സങ്കീർണ്ണമായി തുടരുകയാണ്.
അതേസമയം, മേഖലയിൽ സംഘർഷം വ്യാപിപ്പിക്കാനോ സുരക്ഷിതത്വമില്ലായ്മ സൃഷ്ടിക്കാനോ ഇറാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. എന്നാൽ രാജ്യത്തിന്റെ സുരക്ഷ, ദേശീയ താല്പര്യങ്ങൾ, ഭൗമശാസ്ത്രപരമായ പരമാധികാരം എന്നിവ സംരക്ഷിക്കാൻ ഇറാൻ സർവ്വ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നയതന്ത്രത്തിന്റെ വാതിലുകൾ തുറന്നിടുമ്പോഴും, ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന ഇരട്ട സന്ദേശമാണ് ഇറാൻ നിലവിൽ നൽകുന്നത്.















