
വാഷിംഗ്ടൺ: ഇറാനുമായി ചർച്ചകളൊന്നും നടക്കുന്നില്ലെന്നും ഒമാനുമായി മാത്രമാണ് സംസാരിക്കുന്നതെന്നുമുള്ള ടെഹ്‌റാന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ നയതന്ത്ര നിലപാടുകൾ തികഞ്ഞ വഞ്ചനയാണെന്ന് മാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിൽ ട്രംപ് ആരോപിച്ചു.
അമേരിക്കയുമായി കൂടിക്കാഴ്ച നടത്താൻ ഇറാൻ ഭരണകൂടം യാചിക്കുകയാണെന്നും, ചർച്ചകൾ ആരംഭിക്കുകയും വരും ദിവസങ്ങളിൽ കൂടുതൽ കൂടിക്കാഴ്ചകൾ നിശ്ചയിക്കുകയും ചെയ്ത ശേഷം, അമേരിക്കയുമായി ഒരു ചർച്ചയും നടക്കുന്നില്ലെന്നും ഒമാനുമായി മാത്രമാണ് ഇടപാടുകളെന്നും ഇറാൻ പരസ്യമായി പറയുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി.
ഹോർമൂസ് കടലിടുക്കിൽ തങ്ങളുടെ ആധിപത്യം ശക്തമായി തുടരുമെന്ന ഇറാന്റെ പ്രസ്താവന വെറും ജല്പനം മാത്രമാണ്. അമേരിക്കൻ നാവികസേനയുടെ ഉപരോധവും ‘സ്റ്റീൽ മതിൽ’ പോലുള്ള സുരക്ഷാ വലയവും കാരണം ഹോർമൂസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം നിലവിൽ യുഎസ് സേനയുടെ കൈകളിലാണെന്ന് ട്രംപ് അവകാശപ്പെട്ടു. അമേരിക്ക അനുവാദം നൽകാതെ ഇറാനിലേക്ക് ഒന്നും എത്തില്ല. ഒരു സമഗ്ര കരാറിലെത്തുകയോ അല്ലെങ്കിൽ ഇറാൻ പൂർണ്ണമായി കീഴടങ്ങുകയോ ചെയ്യാതെ ഉപരോധത്തിൽ ഇളവ് നൽകില്ല. ഇറാൻ സമ്മതിച്ചാലും ഇല്ലെങ്കിലും, പതിറ്റാണ്ടുകളായി അവർ സൃഷ്ടിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള നീക്കങ്ങളിലാണ് അമേരിക്ക. ഇറാൻ ഒരിക്കലും ഒരു ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്രംപ് കുറിപ്പ് അവസാനിപ്പിക്കുന്നത്. അമേരിക്കൻ ആക്രമണ ഭീഷണിയെ തുടർന്ന് മേഖലാ തലത്തിൽ ഒമാൻ മധ്യസ്ഥ ചർച്ചകൾക്ക് ശ്രമിക്കുന്നതിനിടെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം.















