‘മല്ലയുദ്ധമല്ല’: ജയ-പരാജയ മത്സരത്തിനെതിരെ ട്രംപിന് ഷി ജിൻപിങ്ങിന്റെ മുന്നറിയിപ്പ്, യുഎസ്-ചൈന മത്സരം പരിധിക്കുള്ളിലാകണമെന്ന് ആവശ്യം

അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരം ‘ആരാണ് ജയിക്കുന്നത്, ആരാണ് തോൽക്കുന്നത്’ എന്ന തരത്തിലുള്ള ഏറ്റുമുട്ടലായി മാറരുതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് പുതിയ വഴികൾ കണ്ടെത്തണമെന്നും ചൈന-യുഎസ് സൗഹൃദത്തിന്റെ ‘പുതിയ അധ്യായം’ എഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഒഴുകുന്നത് ഒരിക്കലും നിർത്താത്ത നദിയെപ്പോലെ ചരിത്രവും ഒരിടത്തും നിശ്ചലമാകുന്നില്ല. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദം വലിയ സാധ്യതകളുള്ള മഹത്തായ ലക്ഷ്യമാണ്. നമുക്ക് കൈകോർത്തും ഒരുമിച്ച് മുന്നേറിയും ഈ സൗഹൃദത്തിന്റെ മനോഹരമായ പൂക്കൾ പരിപോഷിപ്പിക്കാം. നമ്മുടെ സൗഹൃദബന്ധങ്ങളിൽ പുതിയൊരു അധ്യായം ഒരുമിച്ച് എഴുതാം,” ഷി പറഞ്ഞു.

ഇറാൻ യുദ്ധം, വ്യാപാരം, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന കൃത്രിമബുദ്ധി (എഐ) തുടങ്ങിയ വിഷയങ്ങളിൽ ആഗോളതലത്തിൽ ഭിന്നതകൾ നിലനിൽക്കുന്നതിനിടെയാണ് ഷിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നിർണായക ചർച്ചകൾ നടന്നത്.സ്റ്റേറ്റ് സന്ദർശനത്തിനായി ഷിയെ വൈറ്റ് ഹൗസിൽ സ്വീകരിച്ച ട്രംപ്, 2016ലെ തന്റെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ഇരുവരും തമ്മിൽ അടുത്ത ബന്ധം രൂപപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞു. അതേസമയം, ലോകത്തെ ഏറ്റവും വലിയ രണ്ട് ശക്തികളുടെയും താൽപര്യങ്ങൾ “ആഴത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്” എന്ന് ചൂണ്ടിക്കാട്ടിയ ഷി, ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരം ചില പരിധികൾക്കുള്ളിൽ തന്നെ തുടരണമെന്നും വ്യക്തമാക്കി.

“മത്സരം ആരോഗ്യകരമായതായിരിക്കണം. അത് നിശ്ചിത പരിധികൾക്കുള്ളിൽ തന്നെ നിലനിർത്തണം,” ഷി പറഞ്ഞു.‘ത്യൂസിഡിഡീസ് ട്രാപ്പ്’ എന്ന ആശയത്തിലേക്ക് ഇരു രാജ്യങ്ങളും വീഴരുതെന്ന മുന്നറിയിപ്പും ഷി ആവർത്തിച്ചു. നിലവിലുള്ള ഒരു ശക്തിയെ ഉയർന്നുവരുന്ന മറ്റൊരു ശക്തി വെല്ലുവിളിക്കുമ്പോൾ സംഘർഷം ഉണ്ടാകാനുള്ള സാധ്യതയെയാണ് ഈ ആശയം സൂചിപ്പിക്കുന്നത്. മെയ് മാസത്തിൽ ട്രംപ് ബീജിങ് സന്ദർശിച്ചപ്പോഴും ഷി സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരാൾ ജയിക്കുകയും മറ്റൊരാൾ തോൽക്കുകയും ചെയ്യുന്ന ഏറ്റുമുട്ടലായിരിക്കരുത് ഇത്. പരസ്പരം മുന്നിലെത്താനുള്ള ആരോഗ്യകരമായ മത്സരമായിരിക്കണം എന്ന് അസോസിയേറ്റഡ് പ്രസ്സിനെ ഉദ്ധരിച്ച് ഷി പറഞ്ഞു.

ഇരു നേതാക്കളുടെയും സ്വകാര്യ ചർച്ചയിൽ തായ്‌വാൻ വിഷയവും ഉയർന്നു. തായ്‌വാൻ സ്വാതന്ത്ര്യത്തെ യുഎസ് തുടർന്നും എതിർക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തായ്‌വാൻ വിഷയം “വിവേകത്തോടെ കൈകാര്യം ചെയ്യണമെന്നും” ഷി ട്രംപിനോട് ആവശ്യപ്പെട്ടതായി ചൈനീസ് ഔദ്യോഗിക മാധ്യമമായ സിൻഹുവ റിപ്പോർട്ട് ചെയ്തു. ചർച്ചകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ വൈറ്റ് ഹൗസ് ഉടൻ പുറത്തുവിട്ടിട്ടില്ല. ഷിയുമായുള്ള സംഭാഷണത്തിലെ വിഷയങ്ങൾ ട്രംപും പരസ്യമായി വിശദീകരിച്ചിട്ടില്ല. തായ്‌വാനിലേക്കുള്ള ആയുധ വിൽപ്പന അവസാനിപ്പിക്കണമെന്ന് ബീജിങ് ആവർത്തിച്ച് വാഷിങ്ടണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് മാസത്തിൽ ഇരു നേതാക്കളും ബീജിങ്ങിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, മുന്നോട്ടുവച്ചിരുന്ന 14 ബില്യൺ ഡോളറിന്റെ റെക്കോർഡ് ആയുധ ഇടപാടിന് അന്തിമ അനുമതി നൽകുന്നത് താൻ വൈകിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു.

ചൈനയുമായുള്ള ചർച്ചകളിൽ തായ്‌വാനിലേക്കുള്ള ആയുധ വിൽപ്പന “വളരെ മികച്ച വിലപേശൽ ഉപാധി”യാണെന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു. കൃത്രിമബുദ്ധിയും (എഐ) ഇരു നേതാക്കളുടെയും ചർച്ചയിലെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു. എഐ സാങ്കേതികവിദ്യ മനുഷ്യ നിയന്ത്രണത്തിൽ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കണമെന്ന് ഷി ആവശ്യപ്പെട്ടു. എഐയെ മനുഷ്യനന്മയ്ക്കായി വികസിപ്പിക്കാനും നിയന്ത്രിക്കാനും ഇരു രാജ്യങ്ങൾക്കും കഴിവും ഉത്തരവാദിത്തവുമുണ്ട്. എഐയുടെ വികസനം എല്ലായ്പ്പോഴും മനുഷ്യ നിയന്ത്രണത്തിലായിരിക്കണമെന്നും ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കപ്പെടണമെന്നും ഉറപ്പാക്കണമെന്നും ഷി പറഞ്ഞു.

ഈ ആഴ്ച ആദ്യം ഇരു രാജ്യങ്ങളിലെയും ധനമന്ത്രിമാർ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഷിയുടെ പ്രതികരണം. വാഷിങ്ടണും ബീജിങ്ങും തമ്മിലുള്ള എഐയുമായി ബന്ധപ്പെട്ട സംഭവങ്ങൾ പരസ്പരം അറിയിക്കുന്നതിനായി പുതിയ ‘അറിയിപ്പ് സംവിധാനം’ ഏർപ്പെടുത്തണമെന്ന് യുഎസ് നിർദേശിച്ചിരുന്നു. അതേസമയം, ഒരു വർഷത്തേക്കുള്ള വ്യാപാര വെടിനിർത്തൽ കരാർ രണ്ട് മാസത്തേക്ക് കൂടി നീട്ടാൻ ഇരു രാജ്യങ്ങളും ബുധനാഴ്ച ധാരണയിലെത്തി. ദീർഘകാല വ്യാപാര കരാറിലേക്ക് നീങ്ങാനുള്ള ചർച്ചകൾ വാഷിങ്ടണും ബീജിങ്ങും തുടരുന്നതിനിടെയാണ് കാലാവധി നീട്ടിയത്. നിലവിലെ വ്യാപാര ധാരണ നവംബർ 10ന് അവസാനിക്കാനിരിക്കുകയായിരുന്നു.

‘Not a wrestle’: Xi Jinping warns Trump against ‘win-or-lose’ rivalry

More Stories from this section

family-dental
witywide