
ന്യൂഡൽഹി: ഇറാൻ ഹോർമുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കുകയാണെങ്കിൽ, അവരുടെ ആണവ പദ്ധതിയെക്കുറിച്ച് വളരെ ഗൗരവമേറിയ ചർച്ചകൾ നടത്താൻ അമേരിക്ക തയ്യാറാണെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇറാൻ്റെ ആണവ പ്രശ്നത്തിൽ ഘട്ടംഘട്ടമായുള്ള സമീപന സ്വീകരിക്കാനും, ഉടനടി പരിഹാരമായില്ലെങ്കിലും ഒരു ഇടക്കാല കരാറിലേക്ക് നീങ്ങാനും വാഷിംഗ്ടൺ തയാറായേക്കും എന്ന സൂചനയാണ് റൂബിയോയുടെ വാക്കുകൾ നൽകുന്നത്.
ഔദ്യോഗിക സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തിയ അദ്ദേഹം, ആണവ ചർച്ചകൾ വളരെ സാങ്കേതികമായ കാര്യമാണെന്നും 72 മണിക്കൂർ കൊണ്ട് ഒരു നാപ്കിൻ്റെ പുറത്ത് എഴുതിത്തീർക്കാവുന്ന ഒന്നല്ല അതെന്നും ഓർമ്മിപ്പിച്ചു. കടലിടുക്കുകൾ ഉടനടി തുറക്കുകയാണ് ആദ്യപടി. അതിനുശേഷം മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ചും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന അവരുടെ പ്രതിജ്ഞയെക്കുറിച്ചും വളരെ ഗൗരവമുള്ള ചർച്ചകളിലേക്ക് കടക്കും. ഇതിന് വർഷങ്ങളെടുക്കില്ലെങ്കിലും സാങ്കേതിക കാര്യങ്ങൾ പരിഹരിക്കാൻ കുറച്ച് സമയമെടുക്കുമെന്നും റൂബിയോ പറഞ്ഞു.
ഇരുരാജ്യങ്ങളും കരാറിലേക്ക് ഉടനെത്തുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇറാനുമായുള്ള മൂന്ന് മാസം നീണ്ട യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ തിടുക്കം കൂട്ടരുതെന്ന് യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രതിനിധികൾക്ക് നിർദ്ദേശം നൽകി. ഇതിന് പിന്നാലെയാണ് വിദേശകാര്യ സെക്രട്ടറിയുടെ ഈ പ്രതികരണം. നിലവിൽ ഈ മേഖലയിലെ ഏഴോ എട്ടോ രാജ്യങ്ങൾ ഈ സമീപനത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഈ വഴിക്ക് മുന്നോട്ട് പോകാൻ അമേരിക്ക സന്നദ്ധമാണെന്നും റൂബിയോ കൂട്ടിച്ചേർത്തു.
Nuclear talks if Strait of Hormuz opens; US clarifies stance to Iran, says no rush, says Trump















