ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; ഹോർമുസ് കടലിടുക്കിലെ സംഘർഷം കനക്കുന്നു, സമാധാന ചർച്ചകൾ വഴിമുട്ടി

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തതിനെത്തുടർന്ന് ലോകവിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ഈ ആഴ്ച നടക്കാനിരുന്ന സമാധാന ചർച്ചകൾ വഴിമുട്ടിയതോടെയാണ് വിപണിയിൽ അനിശ്ചിതത്വം ഉടലെടുത്തത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 6.3 ശതമാനം വർധിച്ച് ബാരലിന് 96 ഡോളറിലെത്തി. അമേരിക്കൻ മാനദണ്ഡമായ ഡബ്ല്യു.ടി.ഐ വില 7 ശതമാനം ഉയർന്ന് ബാരലിന് 88.3 ഡോളറിലും എത്തിനിൽക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചതോടെ എണ്ണവിലയിൽ 9 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ അമേരിക്കൻ ഉപരോധം തുടരുന്നതിൽ പ്രതിഷേധിച്ച് തൊട്ടടുത്ത ദിവസം തന്നെ ഇറാൻ ജലപാത വീണ്ടും അടച്ചു. ഇതിന് പിന്നാലെ അമേരിക്ക ഇറാനിയൻ കപ്പൽ പിടിച്ചെടുത്തത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി. ഇറാൻ്റെ നിലപാടിലെ പെട്ടെന്നുള്ള മാറ്റം വിപണിയുടെ ആത്മവിശ്വാസത്തെ ബാധിച്ചുവെങ്കിലും സമാധാന കരാറിനുള്ള നേരിയ സാധ്യതകൾ ഇപ്പോഴും നിക്ഷേപകർക്കിടയിൽ പ്രതീക്ഷ നൽകുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

സംഘർഷം മുറുകുന്ന സാഹചര്യത്തിൽ ഏഷ്യൻ ഓഹരി വിപണികൾ നേട്ടമുണ്ടാക്കിയപ്പോൾ യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ വിപണിയിലും തളർച്ചയുടെ ലക്ഷണങ്ങളാണ് കാണുന്നത്. തങ്ങളുടെ കപ്പൽ പിടിച്ചെടുത്ത അമേരിക്കൻ നടപടിയെ ‘കടൽക്കൊള്ള’ എന്ന് വിശേഷിപ്പിച്ച ഇറാൻ സൈന്യം, ഇതിന് കടുത്ത ഭാഷയിൽ മറുപടി നൽകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, തങ്ങൾ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഇറാൻ അംഗീകരിച്ചില്ലെങ്കിൽ അവിടുത്തെ വൈദ്യുത നിലയങ്ങളും പാലങ്ങളും ബോംബിട്ട് തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഭീഷണി മുഴക്കി. സംഘർഷം രൂക്ഷമായതോടെ ഞായറാഴ്ച ഹോർമുസ് കടലിടുക്കിലൂടെ ഒരൊറ്റ എണ്ണക്കപ്പൽ പോലും കടന്നുപോകാത്ത അവസ്ഥയാണുണ്ടായത്. യുദ്ധം തുടങ്ങിയതിനുശേഷം ഈ പാത ഇത്രയധികം നിശബ്ദമാകുന്നത് ഇതാദ്യമാണ്.

More Stories from this section

family-dental
witywide