ഓപ്പൺ എഐ ഒരു ‘ചാരിറ്റി’ മോഷ്ടിച്ചു; സാം ആൾട്ട്മാനെ ‘സ്കാം ആൾട്ട്മാൻ’ എന്ന് പരിഹസിച്ച് ഇലോൺ മസ്‌ക്, നിയമപോരാട്ടം കടുപ്പിച്ച് ടെക് ഭീമന്മാർ

സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ പ്രമുഖരായ ഓപ്പൺ എഐയും ഇലോൺ മസ്‌കും തമ്മിലുള്ള നിയമപോരാട്ടം പുതിയ തലത്തിലേക്ക്. തിങ്കളാഴ്ച കോടതി നടപടികൾ ആരംഭിച്ചതിന് പിന്നാലെ, ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനെയും സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്ക്മാനെയും രൂക്ഷമായ ഭാഷയിലാണ് മസ്‌ക് വിമർശിച്ചത്. സാം ആൾട്ട്മാനെ “സ്കാം ആൾട്ട്മാൻ” എന്നും ഗ്രെഗ് ബ്രോക്ക്മാനെ “ഗ്രെഗ് സ്റ്റോക്ക്മാൻ” എന്നും വിശേഷിപ്പിച്ച മസ്‌ക്, ഇരുവരും ചേർന്ന് ഒരു പൊതു സ്ഥാപനത്തെ കൊള്ളയടിച്ചതായും ആരോപിച്ചു.

സാം ആൾട്ട്മാൻ, ഗ്രെഗ് ബ്രോക്ക്മാൻ, ഇലോൺ മസ്‌ക്, ഇല്യ സുറ്റ്‌സ്‌കേവർ എന്നിവരടങ്ങുന്ന സംഘം 2015-ൽ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമായാണ് ഓപ്പൺ എഐ സ്ഥാപിച്ചത്. എന്നാൽ കമ്പനി അതിൻ്റെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ചു എന്ന് ആരോപിച്ച് 2024 നവംബറിൽ മസ്‌ക് കേസ് ഫയൽ ചെയ്തിരുന്നു. അതേ വർഷം തന്നെ കേസ് പിൻവലിച്ചെങ്കിലും 2026-ൻ്റെ തുടക്കത്തിൽ മസ്‌ക് വീണ്ടും നിയമനടപടികളുമായി മുന്നോട്ട് പോയി. ഒമ്പതംഗ ജൂറിയെ നിയമിച്ചുകൊണ്ട് കേസിൻ്റെ വിചാരണ ഇന്നലെ ആരംഭിച്ചു.

മസ്ക് എക്സിൽ കുറിച്ചതിങ്ങനെ

“സ്കാം ആൾട്ട്മാനും ഗ്രെഗ് സ്റ്റോക്ക്മാനും ഒരു ചാരിറ്റി മോഷ്ടിച്ചു. ഗ്രെഗ് തനിക്കായി പത്ത് ബില്യൺ കണക്കിന് ഡോളറിന്റെ ഓഹരികൾ സ്വന്തമാക്കി. സാം ആകട്ടെ വൈ കോമ്പിനേറ്റർ ശൈലിയിൽ ഓപ്പൺ എഐയുടെ അനുബന്ധ ഇടപാടുകളിൽ നിന്ന് വലിയ ലാഭമുണ്ടാക്കി. ഈ കേസിന് ശേഷം സാമിന് നേരിട്ട് പത്ത് ബില്യൺ ഡോളറിന്റെ ഓഹരികൾ കൂടി ലഭിക്കും.
ഇവിടെ ഉയരുന്ന അടിസ്ഥാനപരമായ ചോദ്യം ഇതാണ്: ഒരു ചാരിറ്റി കൊള്ളയടിക്കുന്നത് ശരിയാണെന്ന നിയമപരമായ കീഴ്‌വഴക്കം അമേരിക്കയിൽ ഉണ്ടാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയാണെങ്കിൽ, അത് അമേരിക്കയിലെ മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങളെയും എന്നെന്നേക്കുമായി തകർക്കും.
എനിക്ക് ഓപ്പൺ എഐ ഒരു ലാഭകരമായ കോർപ്പറേഷനായി തുടങ്ങാമായിരുന്നു. എന്നാൽ പകരം പൊതുനന്മയ്ക്കായി ഞാൻ അത് ആരംഭിക്കുകയും ഫണ്ട് നൽകുകയും മികച്ച പ്രതിഭകളെ നിയമിക്കുകയും ചെയ്തു. എന്നാൽ അവർ ആ ചാരിറ്റി മോഷ്ടിച്ചു.”

ഓപ്പൺഎഐ കെട്ടിപ്പടുത്തിരിക്കുന്നത് ഒരു കള്ളത്തിന്മേലാണെന്നും മറ്റൊരു പോസ്റ്റിൽ മസ്‌ക് ആരോപിച്ചു.

ഈ നിയമപോരാട്ടത്തിലൂടെ 150 ബില്യൺ ഡോളർ നഷ്ടപരിഹാരമാണ് മസ്‌ക് ആവശ്യപ്പെടുന്നത്. ഈ തുക ഓപ്പൺ എഐയുടെ ചാരിറ്റബിൾ വിഭാഗത്തിന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. എന്നാൽ മസ്‌കിൻ്റെ ആരോപണങ്ങളെ ഓപ്പൺ എഐ ശക്തമായി എതിർത്തു. മസ്‌കിൻ്റെ ഈ കേസ് വെറും അസൂയയുടെ പുറത്തുള്ളതാണെന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും അവർ പറഞ്ഞു. മസ്‌ക് ഇപ്പോൾ ‘എക്സ് എഐ’ എന്ന പേരിൽ സ്വന്തമായി ഒരു എഐ കമ്പനി നടത്തുന്നുണ്ടെന്നും, ഓപ്പൺ എഐയുടെ വിജയം തടയാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കമ്പനി ചൂണ്ടിക്കാട്ടി. സിലിക്കൺ വാലി കണ്ട ഏറ്റവും വലിയ നിയമപോരാട്ടങ്ങളിലൊന്നായി ഈ കേസ് മാറുമെന്നാണ് കരുതപ്പെടുന്നത്.

Open AI stole a ‘charity’; Elon Musk mocks Sam Altman as ‘Scam Altman’, tech giants intensify legal battle

More Stories from this section

family-dental
witywide