10,000 പേരിൽനിന്ന് 10 ലക്ഷം വീതം; 1000 കോടിയുടെ ’നോർക്ക ഗ്ലോബൽ കേരള ഹെൽത്ത് ഫണ്ട് ’ രൂപവത്കരിക്കാൻ ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് 1,000 കോടി രൂപയുടെ ’നോർക്ക ഗ്ലോബൽ കേരള ഹെൽത്ത് ഫണ്ട്’ രൂപവത്കരിക്കാൻ കേരള ആരോഗ്യ ടാസ്‌ക് ഫോഴ്‌സിന്റെ ശുപാർശ. ലോകമെമ്പാടുമുള്ള 10,000 പ്രവാസികളിൽ നിന്നോ നിക്ഷേപകരിൽ നിന്നോ 10 ലക്ഷം രൂപ വീതം സമാഹരിച്ച് ഫണ്ട് രൂപീകരിക്കാനാണ് പവർപോയിന്റ് പ്രസന്റേഷൻ വഴി ടാസ്‌ക് ഫോഴ്‌സ് സർക്കാരിന് മുന്നിൽ നിർദേശം വെച്ചിരിക്കുന്നത്.

ഡാവോസിലെ വേൾഡ് ഇക്കണോമിക് ഫോറം മാതൃകയിൽ കേരളത്തിൽ എല്ലാ വർഷവും വാർഷിക ആഗോള ഹെൽത്ത് സമ്മിറ്റ് സംഘടിപ്പിക്കാനും ശുപാർശയിലുണ്ട്. ഇതിനായി സർക്കാരിന്റെ പിന്തുണയോടെ ‘വേൾഡ് ഹോളിസ്റ്റിക് ഹെൽത്ത് ഫോറം’ എന്ന പേരിൽ ഒരു എൻജിഒ രൂപവത്കരിക്കും. രൂപീകരിക്കാൻ പോകുന്ന ഹെൽത്ത് ഫണ്ടിന്റെ നിയന്ത്രണത്തിനായി 15 അംഗങ്ങളുള്ള ‘ഡോണേഴ്സ് കൗൺസിൽ’ നിലവിൽ വരും. ഇതിൽ 10 പേർ വലിയ തുക സംഭാവന നൽകുന്നവരായിരിക്കും.

സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും, ഓരോ വ്യക്തിയുടെയും ആരോഗ്യ വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ‘കേരള പ്രിവന്റീവ് ഹെൽത്ത് പാസ്‌പോർട്ട്’ പദ്ധതിക്കുമായി തുക ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും വിവിധ ഇൻഷുറൻസ് കമ്പനികളിൽ നിന്നും ഇതിനായി ഫണ്ട് സമാഹരിക്കാമെന്നും നിർദേശത്തിലുണ്ട്.

അതേസമയം, ആരോഗ്യമേഖലയിൽ പൊതു-സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നിർദേശമെന്ന് വിമർശനമുയർന്നു കഴിഞ്ഞു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പൊതുജനങ്ങളുടെ അതീവ രഹസ്യ സ്വഭാവമുള്ള ആരോഗ്യ വിവരങ്ങൾ (ഹെൽത്ത് ഡാറ്റ) സ്വകാര്യ വ്യക്തികളിലേക്കോ ഇൻഷുറൻസ് കമ്പനികളിലേക്കോ ചോരുമോ എന്ന ആശങ്ക ശക്തമാണ്. സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തെ സ്വകാര്യ കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള നീക്കമാണിതെന്ന ആക്ഷേപവും രാഷ്ട്രീയ-ആരോഗ്യ മേഖലകളിൽ നിന്ന് ഉയരുന്നുണ്ട്.

പദ്ധതിയിൽ ആരൊക്കെ ?

മുഖ്യമന്ത്രി വി.ഡി. സതീശൻ (ചെയർമാൻ)

ആരോഗ്യമന്ത്രി കെ. മുരളീധരൻ (വൈസ് ചെയർമാൻ)

അംഗങ്ങൾ

ഡോ. ഷർമിള മേരി ജോസഫ്- ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി (കോ-ഓർഡിനേറ്റർ)

കെ.ആർ. ജ്യോതിലാൽ- അഡീഷണൽ ചീഫ് സെക്രട്ടറി, ധനവകുപ്പ്

ഡോ. രത്തൻ ഖേൽക്കർ- മുഖ്യമന്ത്രിയുടെ സെക്രട്ടറി

ദീപക് സിംഘൽ- യു.പി. മുൻ ചീഫ് സെക്രട്ടറി

ഡോ. ശിവ്കുമാർ സരിൻ- ചാൻസലർ, ഐ.എൽ.ബി.എസ്., ന്യൂഡൽഹി

ഫൈസൽ ഇ. കൊട്ടിക്കോളൻ- ചെയർമാൻ, കെ.ഇ.എഫ്. ഹോൾഡിങ്സ് (മൈത്ര ആശുപത്രി, കോഴിക്കോട്)

സി. ദേവീദാസ് വാര്യർ- എം.ഡി., ആര്യവൈദ്യ ഫാർമസി, കോയമ്പത്തൂർ

ഡോ. ഹർഷ് മഹാജൻ- ചെയർമാൻ, മഹാജൻ ഇമേജിങ് ആൻഡ് ലാബ്സ്, ന്യൂഡൽഹി

ഡോ. പ്രതാപ് ചൗഹാൻ- ചെയർമാൻ, ജീവ ആയുർവേദ, ന്യൂഡൽഹി

ഡോ. കഞ്ചർല രവീന്ദ്രനാഥ്- ചെയർമാൻ, ഗ്ലോബൽ ഹോസ്പിറ്റൽ, ഹൈദരാബാദ്

ഡോ. എസ്.എസ്. ലാൽ- ഡയറക്ടർ, റിയാക്ട് ഏഷ്യ പസഫിക്

ഡോ. പി.എം. വാര്യർ- മാനേജിങ് ട്രസ്റ്റി, കോട്ടയ്ക്കൽ ആര്യവൈദ്യശാല

ഡോ. എം.വി. പിള്ള- ചെയർമാൻ, ഇന്റർനാഷണൽ കാൻസർ കെയർ നെറ്റ്വർക്ക്, യു.എസ്.

ഡോ. നിഷ നിഗിൽ- പ്രസിഡന്റ് ഇലക്ട്, അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജ്വേറ്റ്സ്, വടക്കേ അമേരിക്ക

Recommendation to form a ₹1,000 crore ‘NORKA Global Kerala Health Fund’ through contributions of ₹10 lakh each from 10,000 individuals.

More Stories from this section

family-dental
witywide