
വാഷിംഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കമ്പനിയായ ഓപ്പൺഎഐയുടെ എക്സിക്യൂട്ടീവ് കോൺഫറൻസ് റൂമിൽ രഹസ്യമായി ലിസണിംഗ് ഡിവൈസ് (ശബ്‌ദങ്ങൾ ചോർത്തുന്ന ഉപകരണം) സ്ഥാപിച്ച മുൻ എൻജിനീയർ അബ്ദുറഹ്മാൻ അൽഫോസന് സൗദി രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി ഫെഡറൽ പ്രോസിക്യൂട്ടർമാരുടെ വെളിപ്പെടുത്തൽ. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം സൗദി അറേബ്യയിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നതായും കോടതിയിൽ സമർപ്പിച്ച മെമ്മോറാണ്ടത്തിൽ വ്യക്തമാക്കുന്നു.
ഓപ്പൺഎഐയിൽ ജൂലൈ 2025-ൽ ജോലിയിൽ പ്രവേശിച്ച അൽഫോസന് 3,85,000 ഡോളർ വാർഷിക ശമ്പളത്തിനു പുറമെ വലിയൊരു തുക ഓഹരികളായും ലഭിച്ചിരുന്നു. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സർക്കാർ പ്രതിനിധികളുടെയും യോഗങ്ങൾ നടക്കുന്ന കോൺഫറൻസ് റൂമിൽ ഡിവൈസ് ഘടിപ്പിക്കുന്നതിനായി അദ്ദേഹം എഐ ടോളുകൾ ഉപയോഗിച്ചിരുന്നതായി പ്രോസിക്യൂട്ടർമാർ പറയുന്നു.
സൗദിയിലെ ഒരു പുതിയ എഐ സംരംഭത്തിൽ ചേരാൻ ആവശ്യപ്പെട്ട് ഒരു സൗദി രാജകുടുംബാംഗം അൽഫോസന് നിരന്തരം വാട്സാപ്പ് സന്ദേശങ്ങൾ അയച്ചിരുന്നു. “അമേരിക്കയേക്കാൾ കൂടുതൽ നിങ്ങളെ ആവശ്യളളത് സൗദിക്കാണ്” എന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇയാൾ അൽഫോസനെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ 28-നാണ് ഓപ്പൺഎഐയുടെ എക്സിക്യൂട്ടീവ് കോൺഫറൻസ് റൂമിലെ ടെലിവിഷന്റെ പിന്നിലെ യു.എസ്.ബി പോർട്ടിൽ അൽഫോസൻ രഹസ്യമായി റെക്കോർഡിംഗ് ഉപകരണം ഘടിപ്പിച്ചത്. ടെലിവിഷനും ഉപകരണവും തമ്മിലുള്ള ഡാറ്റാ കൈമാറ്റം ഒഴിവാക്കാൻ പ്രത്യേകമായി മോഡിഫിക്കേഷൻ വരുത്തുകയും, ഡിവൈസിലെ മൈക്രോ എസ്.ഡി കാർഡ് എൻക്രിപ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സെപ്റ്റംബർ 30-നാണ് ഓപ്പൺഎഐ സുരക്ഷാ ജീവനക്കാർ ഈ ഉപകരണം കണ്ടെത്തിയത്. തുടർന്ന് ഒക്ടോബർ 9-ന് ഫെഡറൽ ഏജന്റുമാർ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയ കോടതി ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.















