
തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ സ്ഥാനം പി.വി. അൻവർ രാജിവെച്ചു. പാർട്ടി ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായും മെയ് 15-നകം പുതിയ സംസ്ഥാന പാർട്ടി രൂപീകരിക്കുമെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു. ബേപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച തനിക്ക് ദേശീയ നേതൃത്വത്തിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന് അൻവർ കുറ്റപ്പെടുത്തി.
കോൺഗ്രസുമായുള്ള സഹകരണം പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി അംഗീകരിക്കാൻ ടിഎംസി നേതൃത്വം തയ്യാറായില്ലെന്ന് അൻവർ പറഞ്ഞു. കേരളത്തിലെയും ദേശീയ തലത്തിലെയും രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിനെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയിട്ടും അനുകൂല നിലപാട് ഉണ്ടായില്ല. ബേപ്പൂരിലെ മത്സരസമയത്ത് ടിഎംസി ചിഹ്നം നൽകാതിരുന്നതും നേതാക്കൾ പ്രചാരണത്തിന് എത്താതിരുന്നതും കോൺഗ്രസുമായി സഹകരിച്ചതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.
വരുന്ന ദിവസങ്ങളിൽ യുഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്നും രാഹുൽ ഗാന്ധിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അൻവർ അറിയിച്ചു. കോഴിക്കോട് ജെഡിടിയിലെ സ്ട്രോങ്ങ് റൂം തുറന്നത് ദുരൂഹമാണെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ടിഎംസി വിട്ട സാഹചര്യത്തിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് കേരളത്തിൽ സജീവമാകാനാണ് അൻവറിന്റെ തീരുമാനം.
P.V. Anvar quits TMC; to launch new political party by May 15













