
ന്യൂഡൽഹി: നവംബർ 30-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ നാലുദിവസത്തെ പ്രത്യേക സമ്മേളനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന മണ്ഡല പുനർനിർണയ ബില്ലിനെതിരെ ശക്തമായ സംയുക്ത പ്രതിരോധം തീർക്കാൻ പ്രതിപക്ഷ ‘ഇന്ത്യ സഖ്യം’ തീരുമാനിച്ചു. ശനിയാഴ്ച കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ ചേർന്ന സഖ്യകക്ഷി നേതാക്കളുടെ നിർണായക യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
പാർലമെന്റിന്റെ ഇരുസഭകളിലും ബില്ലിനെ പരാജയപ്പെടുത്തുന്നതിനായി ഘടകകക്ഷികൾ തങ്ങളുടെ എം.പിമാർക്ക് കർശനമായ വിപ്പ് നൽകാനും ഞായറാഴ്ചയോടെ എല്ലാ അംഗങ്ങളും ഡൽഹിയിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
ലോക്സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിച്ച് 850 ആക്കാനും വനിതാ സംവരണം നടപ്പിലാക്കാനും ലക്ഷ്യമിടുന്ന പുതിയ ബിൽ, രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും പ്രാദേശിക-ചെറുകിട പാർട്ടികളുടെ പ്രാതിനിധ്യത്തെ ദോഷകരമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി.
ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഈ സാഹചര്യത്തിൽ രാജ്യസഭയിലെ വോട്ടിംഗ് സമവാക്യങ്ങൾ അനുകൂലമാക്കാൻ മറ്റ് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ സമാഹരിക്കാനും നീക്കം തുടങ്ങി.
ഖാർഗെയ്ക്ക് പുറമെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ജയറാം രമേശ്, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി, ആർ.ജെ.ഡി നേതാക്കളായ മനോജ് ഝാ, അഭയ് കുമാർ സിംഗ്, സി.പി.ഐയുടെ പി. സന്തോഷ് കുമാർ, മുസ്ലിം ലീഗിന്റെ ഇ.ടി. മുഹമ്മദ് ബഷീർ, ആർ.എസ്.പിയുടെ എൻ.കെ. പ്രേമചന്ദ്രൻ, സ്വതന്ത്ര എം.പി കപിൽ സിബൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. അടുത്ത 30-40 വർഷത്തേക്ക് അധികാരത്തിൽ തുടരാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രമാണ് ഈ ബില്ലെന്ന് കപിൽ സിബൽ യോഗത്തിന് മുന്നോടിയായി ആരോപിച്ചു.
ബില്ലിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നീങ്ങാൻ ശ്രമിക്കുമ്പോഴും സഖ്യത്തിനുള്ളിലെ ഭിന്നതകൾ പുറത്തുവന്നിട്ടുണ്ട്. 22 എം.പിമാരുള്ള ഡി.എം.കെയും, 8 എം.പിമാരുള്ള ശരദ് പവാറിന്റെ എൻ.സി.പിയും പുതുക്കിയ ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെ ശനിയാഴ്ചത്തെ യോഗത്തിൽ നിന്ന് വിട്ടുനിന്നു. കഴിഞ്ഞ ഏപ്രിലിൽ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചപ്പോൾ മൂന്നിൽ രണ്ട് ഭൂരിപക്ഷം തികയ്ക്കാൻ 54 വോട്ടുകളുടെ കുറവുണ്ടായിരുന്ന കേന്ദ്ര സർക്കാരിന്, ചില പ്രതിപക്ഷ പാർട്ടികളുടെ ഈ നിലപാട് മാറ്റം വലിയ ആശ്വാസമായിരിക്കുകയാണ്.
Constituency Delimitation Bill: ‘INDIA’ alliance to oppose it unitedly in Parliament; yet, divisions persist within the coalition.















